Wednesday, 8 June 2016

ഒരുക്കത്തിലൂടെ തുടക്കം...പിന്നെ പ്രവേശനോത്സവം...ഒന്നാംക്ലാസ്സില്‍ 25 കുഞ്ഞുങ്ങള്‍

       പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള
പരിപാടികള്‍ ആസൂത്രണം ചെയ്തത് മെയ് 2നു വിജയദിനത്തില്‍ സ്കൂളില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍..ഏപ്രില്‍ 2നു വാര്‍ഷികാഘോഷവേദിയില്‍ വെച്ചുതന്നെ മെയ്2നു മുഴുവന്‍ കുട്ടികളുംസ്കൂളിലെത്തണമെന്ന തീരുമാനം എടുത്തിരുന്നതിനാല്‍ 90% കുട്ടികളും രാവിലെ 10 മണിക്ക് തന്നെ സ്കൂള്‍ ഹാളില്‍ ഒത്തുചേര്‍ന്നു.....എല്ലാവരും വിജയിച്ച വിവരം പ്രധാനാധ്യാപകന്‍ പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ വിജയത്തിളക്കം!..ജൂണ്‍ 1നു സ്കൂള്‍ തുറക്കുന്നതിനുമുമ്പ് മെയ്23,24,25 തീയ്യതികളില്‍ 3 ദിവസത്തെ ക്യാമ്പ്-‘ഒരുക്കം 2016-17’-സംഘടിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ പിരിഞ്ഞുപോയത്...തൊട്ടടുത്തദിവസം ചേര്‍ന്ന പി.ടി.എ,മദര്‍ പി.ടി.എ യോഗം പരിപാടിയുടെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്തു.നാടന്‍പാട്ട്,പാവനിര്‍മ്മാണം,ശാസ്ത്രപരീക്ഷണങ്ങള്‍,സര്‍ഗാത്മക രചന,കടലാസ് തൊപ്പി നിര്‍മ്മാണം,മധുരക്കണക്ക്,സ്വീറ്റ് ഇംഗ്ലീഷ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ദ്ധരായ റിസോഴ്സ്പേഴ്സണ്‍സ്  നേത്യ് ത്വം നല്‍കിയ പരിപാടികളെല്ലാം തന്നെ കുട്ടികള്‍ക്ക് പുതിയ അനുഭവമായി..സമാപനദിവസം നടന്ന ഇംഗ്ലീഷ് ക്ലാസ്സ് കാണാനും അഭിപ്രായങ്ങള്‍ പറയാനും രക്ഷിതാക്കള്‍ക്കും അവസരം ഉണ്ടായിരുന്നു.നാടന്‍ പാട്ട് കലാകാരനും കയ്യൂര്‍-ചീമേനി പഞ്ചായത്ത് മെമ്പറുമായ സുഭാഷ് അറുകരയായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടകന്‍.പാവനിര്‍മ്മാണത്തിന് പ്രമോദ് അടുത്തിലയും.ശാസ്ത്രപരീക്ഷണങ്ങള്‍ക്ക് ദിനേശ്കുമാര്‍ തെക്കുമ്പാടും,മധുരക്കണക്കിന് ക്യ് ഷ്ണദാസ് പലേരിയും,സര്‍ഗാത്മകരചനയ്ക്ക് വേണുഗോപാലന്‍ മാഷും,തൊപ്പിനിര്‍മ്മാണത്തിന് മധുമാഷും,ഇംഗ്ലീഷ് ക്ലാസ്സിന് രവീന്ദ്രന്‍ മാഷും,കൂട്ടപ്പാട്ടിന് ഷൈജു ബിരിക്കുളവും നേത്യ് ത്വം നല്‍കി.മൂന്നു ദിവസത്തെ പരിപാടിയില്‍ മുഴുവന്‍ കുട്ടികളും പങ്കാളികളായി....പ്രവേശനോത്സവ പരിപാടികള്‍ക്ക് രൂപം നല്‍കിയാണ് ഒരുക്കം സമാപിച്ചത്...ഇവിടെവെച്ച്,നിര്‍മ്മിക്കാന്‍ പഠിച്ച കടലാസ് തൊപ്പിയും തലയിലണിഞ്ഞാണ് കുട്ടികള്‍ പ്രവേശനോത്സവ ഘോഷയാത്രയില്‍ അണിനിരന്നത്...കുട്ടികള്‍ക്കൊപ്പം ഭൂരിഭാഗം രക്ഷിതാക്കളും ഘോഷയാത്രയില്‍ അണിനിരന്നു...ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിയ 25 കുരുന്നുകളെ സ്ലേറ്റും,പെന്‍സിലും,പുസ്തകവും ക്രയോണ്‍സും,കുടയും,ബാഗും എല്ലാം സൌജന്യമായി നല്‍കിക്കൊണ്ട് സ്വീകരിച്ചു.മണ്‍ചെരാതില്‍ അക്ഷരദീപം തെളിയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് 89 കുട്ടികള്‍ 89 മണ്‍ചെരാതുകളില്‍ ദീപം തെളിയിച്ച് പ്രവേശനോത്സവത്തെ പ്രകാശപൂരിതമാക്കി..നാലാം ക്ലാസ്സിലെ ആര്‍ദ്രയുടെ വക പിറന്നാള്‍ മധുരമായി എല്ലാവര്‍ക്കും മില്‍മ പേഡ നല്‍കി..ഉല്‍ഘാടനച്ചടങ്ങിനു ശേഷം ടീച്ചറും, കുട്ടികളും രക്ഷിതാക്കളും പുതിയ ക്ലാസ്സുകളില്‍ ഒന്നിച്ചിരുന്ന് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ ചിട്ടപ്പെടുത്തി..ആദ്യത്തെ ക്ലാസ്സ് പി.ടി.എ യോഗമായി ഈ കൂടിയിരിപ്പ് മാറി.ഉച്ചയ്ക്ക് പാല്‍പ്പായസമടക്കമുള്ള സദ്യ....തുടര്‍ന്ന് രക്ഷാകര്‍ത്യ് സംഗമം ഹാളില്‍ നടക്കുമ്പോള്‍ കുട്ടികള്‍ ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന്  വീഡിയോ കണ്ട് രസിച്ചു..വൈകുന്നേരം 3.30ബ് വരെ പരിപാടികള്‍ നീണ്ടുനിന്നു.ഓരോ ക്ലാസ്സില്‍നിന്നും രക്ഷിതാക്കളുടെ 5 വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ക്ലാസ്സ് സപ്പോര്‍ട്ടിംഗ് ടീം രൂപീകരിക്കാനും, അടുത്തയാഴ്ചതന്നെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,ക്ലാസ്സ് തിരിച്ച് പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിനപരിശീലനം സംഘടിപ്പിക്കാനും തീരുമാനിച്ചുകോണ്ടായിരുന്നു രക്ഷാകര്‍ത്യ് സംഗം അവസാനിച്ചത്...കുട്ടിക്കൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്....ടീച്ചര്‍ക്ക് സപ്പോര്‍ട്ടുമായി ഒപ്പം കൂടുന്ന രക്ഷിതാവ്.....ടീം വര്‍ക്കിലൂടെ
പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ...








Monday, 4 April 2016

അടുത്തവര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ്സ് പ്രവേശനം ഉറപ്പാക്കി മികവുത്സവത്തിന് വേറിട്ട തുടക്കം

   അടുത്ത അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുള്ള അപേക്ഷാഫോറവുമായി അച്ഛനമ്മമാര്‍ക്കൊപ്പം21 കുഞ്ഞുങ്ങള്‍ വേദിയിലെത്തിയപ്പോള്‍ കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ മികവുത്സവത്തിനും വാര്‍ഷികാഘോഷത്തിനും വേറിട്ടരീതിയിലുള്ള തുടക്കം.രക്ഷിതാക്കളില്‍നിന്ന് അപേക്ഷാഫോറം സ്വീകരിച്ചുകൊണ്ട്,കുഞ്ഞുങ്ങളോട് കുശലം പറഞ്ഞ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ എം.രാജഗോപാലന്‍ മികവുത്സവവും വാര്‍ഷികാഘോഷവും ഉല്‍ഘാടനം ചെയ്തു.
 സ്കൂളിന്റെ സമഗ്രവികസനം മുന്നില്‍ കണ്ട് തയ്യാറാക്കിയ ‘വിഷന്‍ 2022’പടിപടിയായി യാഥാര്‍ഥ്യമാകുമ്പോള്‍ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാലയമായി നമ്മുടെ വിദ്യാലയവും മാറുമെന്നും,അതിനാല്‍ മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ വിദ്യാലയത്തില്‍ത്തന്നെ ചേര്‍ത്തുപഠിപ്പിക്കാന്‍ തയ്യാറാവണമെന്നും,അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ശ്രീ.രാജഗോപാലന്‍ അഭ്യര്‍ഥിച്ചു.   ‘കയ്യൂരിലെ കുഞ്ഞുങ്ങള്‍ കയ്യൂര്‍ സ്കൂളില്‍ത്തന്നെ’ എന്ന സന്ദേശവുമായി വിദ്യാലയവികസനസമിതിയുടെയും,അധ്യാപക-രക്ഷാകര്‍ത്യ് സമിതിയുടെയും നേത്യ് ത്വത്തില്‍ നടത്തിയ എന്‍ റോള്‍മെന്റ് ക്യാമ്പെയിനിന്റെ ഭാഗമായാണ് ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ നേരത്തേതന്നെ നടത്താന്‍ സാധിച്ചത്.മെയ് ആദ്യവാരത്തോടെ കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം തേടിയെത്തുമെന്ന പ്രതീക്ഷയും സ്കൂള്‍ അധിക്യ് തര്‍ പ്രകടിപ്പിച്ചു.
 പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനനന്‍ ഉല്‍ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഉപജില്ലാ-ജില്ലാ മേളകളില്‍ മികവുതെളിയിച്ച കുട്ടികള്‍ക്കുള്ള  ഉപഹാരവിതരണം കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍ പേഴ്സണ്‍ രജനി.കെ.പി നിര്‍വഹിച്ചു. ‘വിദ്യാലയവികസനത്തിന് വിഷന്‍2022‘ ഡോക്യുമെന്റിന്റെ  പ്രകാശനം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ കെ. നാരായണന്‍ വിദ്യാലയപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ,പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ രൂപപ്പെടുത്തിയ ഇംഗ്ലീഷ് സ്കിറ്റ്,കൊറിയോഗ്രാഫ്,സംഘഗാനം,മോണോആക്റ്റ് തുടങ്ങിയ ഇനങ്ങള്‍ മികവിന്റെ  നേര്‍ക്കാഴ്ചകളായി വേദിയില്‍ എത്തിയപ്പോള്‍ കുഞ്ഞുങ്ങളുടെ പ്രകടനത്തില്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പൂര്‍ണ്ണ സംത്യ് പ്തി.ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികളും അണി നിരന്ന ‘ന്യ് ത്തനിശ‘ കാണികള്‍ക്ക് ഹരം പകര്‍ന്നു.മയ്യിച്ച സ്വദേശിയായ ജയശ്രിയായിരുന്നു കുട്ടികളെ ന്യ് ത്തം പരിശീലിപ്പിച്ചത്. കയ്യൂര്‍,പലോത്ത്,അടുവേനി അങ്കണവാടികളിലെ കുഞ്ഞുങ്ങളുടെ കലാപരിപാടികളും വാര്‍ഷികാഘോഷത്തിനു കൊഴുപ്പേകി. 


























Tuesday, 26 January 2016

‘വിദ്യാലയവികസനത്തിന് വിഷന്‍ 2022’ ആദ്യ സംരംഭമായി സ്മാര്‍ട്ട് ക്ലാസ്സ്


കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ ആദ്യ സ്മാര്‍ട്ട് ക്ലാസ്സ്,ഈ റിപ്പബ്ലിക്ദിനത്തില്‍ ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ് സ്വിച്ച് ഓണ്‍ ചെയ്ത്,ടച്ച് സ്ക്രീനില്‍ സ്മാര്‍ട്ട് പേനകൊണ്ട് എഴുതിയായിരുന്നു ഉല്‍ഘാടനം.കമ്പ്യൂട്ടര്‍,ഇന്റ്റര്‍നെറ്റ് കണക് ഷന്‍,എല്‍.സി.ഡി.പ്രൊജക്റ്റര്‍,ഇന്ററാക്റ്റീവ് വൈറ്റ്ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിലായിരിക്കും ഇനിമുതല്‍ നാലാം ക്ലാസ്സുകാരുടെ പഠനം.ജനകീ യക്കൂട്ടായ്മയിലൂടെ രൂപപ്പെട്ട‘വിദ്യാലയവികസനത്തിന് വിഷന്‍ 2022’-പദ്ധതിയിലെ ആദ്യ പരിപാടിയായിട്ടാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കിയത്.ഇതിലേക്കാവശ്യമായ മുഴുവന്‍ തുകയും രക്ഷിതാക്കളില്‍ നിന്നും,പൂര്‍വ വിദ്യാര്‍ഥികളില്‍നിന്നും,നാട്ടുകാരില്‍ നിന്നും സംഭാവനയായി സ്വരൂപിച്ചതാണ്.മറ്റു ക്ലാസ്സുകളില്‍ക്കൂടി ഈ വര്‍ഷം മാര്‍ച്ച് 31 നുമുമ്പ് ഇതേ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാലയ വികസന സമിതി.എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു മോഡല്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം സ്കൂളിന് അനുവദിച്ചതായി ചടങ്ങില്‍ വെച്ച് എം.എല്‍.എ പ്രഖ്യാപിച്ചത് ആവേശകരമായ അനുഭവമായി. .ഇതിനു പുറമെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ പ്രത്യേകം അനുവദിച്ചതായും അദ്ദേഹം അറിയിച്ചതോടെ ‘ക്ലാസ്സ് റൂം ഡിജിറ്റലൈസാഷന്‍‘ എന്ന വിദ്യാലയവികസനസമിതിയുടെ സ്വപ്നം പൂവണിയുമെന്ന് ഉറപ്പ്.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി.സ്മാര്‍ട്ട് ക്ലാസ്സ്മുറിക്ക് ആമുഖമായി ചില കാര്യങ്ങള്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.പി.വി.പുരുഷോത്തമന്‍  അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രജനി,പഞ്ചായത്ത് മെമ്പര്‍മാരായ പി.പി.മോഹനന്‍,കെ.ഷീന,കെ.വിജയകുമാരി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ ,ടി.ദാമോദരന്‍,പി.ലക്ഷ്മണന്‍,കെ.വി.ഭാസകരന്‍,കെ.പി.രന്‍ഞ്ജിത്ത്, കെ.രാജന്‍,ചിത്രലേഖ.കെ,സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,വികസന സമിതി.ജോ:കണ്‍ വീനര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഉല്‍ഘാടനം:ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

മുഖ്യ പ്രഭാഷണം:ഡോ.എം.ബാലന്‍(ഡി.പി.ഒ, എസ്.എസ്.എ,കാസര്‍ഗോഡ്)

സ്മാര്‍ട്ട് ക്ലാസ്സ് മുറിക്ക് ആമുഖം:ഡോ.പി.വി.പുരുഷോത്തമന്‍(സീനിയര്‍ ലക്ചറര്‍,ഡയറ്റ് ,കാസര്‍ഗോഡ്)

ആശംസ:കെ.പി.രഞ്ജിത്ത്  (ബി .ആര്‍.സി.ട്രെയിനര്‍)

ആശംസ:ശ്രീമതി രജനി(വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേര്‍സണ്‍)

ആശംസ:ശ്രീ.പി.പി.മോഹനന്‍(വാര്‍ഡ് മെമ്പര്‍&ചെയര്‍മാന്‍,വിദ്യാലയ വികസന സമിതി)

Friday, 23 October 2015

“വിജയിച്ചൂ..വിജയിച്ചൂ... ശാസ്ത്രമേളയില്‍ വിജയിച്ചൂ....”

                   കയ്യൂര്‍ ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് ഒക്റ്റോബര്‍ 14,15,16 തീയ്യതികളില്‍ നടന്ന ഈ വര്‍ഷത്തെ ശാസ്ത്രോത്സവത്തില്‍ ശാസ്ത്രമേളയിലും,സാമൂഹ്യശാസ്ത്രമേളയിലും എല്‍.പി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നമ്മുടെ വിദ്യാലയം സ്വന്തമാക്കി
                                                                                      

 സമാപനസമ്മേളനത്തില്‍ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശ് കുമാറില്‍നിന്നും സ്കൂള്‍ ലീഡര്‍ ആദിത്യരവീന്ദ്രനും കൂട്ടുകാരായ മഞ്ജിമ,ശ്രേയ,ആദിത്ത്,നന്ദന ബാബു എന്നിവരും റോളിംഗ് ട്രോഫികള്‍ ഏറ്റുവാങ്ങി.
 മേളയുടെ തൊട്ടടുത്ത പ്രവ്യ് ത്തിദിവസം സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിജയികളെ അനുമോദിക്കുകയും തുടര്‍ന്ന് കയ്യൂരിന്റെ ഗ്രാമവഴികളിലൂടെ പാടവും,പറമ്പും,റോഡും,തോടും താണ്ടി അധ്യാപകരും കുട്ടികളും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.വിദ്യാലയമികവ് മുഴുവന്‍ നാട്ടുകാരെയും അറിയിക്കുന്നതിനായി....



 ശാസ്ത്രമേളയില്‍ നാലാംതരത്തിലെ അര്‍ച്ചനയും,മൂന്നാം തരത്തിലെ ആദിത്തും ചേര്‍ന്ന ടീം ശേഖരണത്തിന് ‘എ’ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയന്‍സ് ചാര്‍ട്ടിന് മഞ്ജിമയും വാണിയും ‘എ’ഗ്രേഡോടെ നാലാം സ്ഥനത്തെത്തിയപ്പോള്‍ ലഘുപരീക്ഷനത്തിന് ശ്രേയയും അമേയയും ‘ബി’ഗ്രേഡ് നേടി.മൂന്നിനങ്ങളിലായി ആകെ ലഭിച്ച 18 പോയിന്റാണ് വിദ്യാലയത്തെ   ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമാക്കിയത്.   
 സാമൂഹ്യശാസ്ത്രമേളയിലെ ചാര്‍ട്ട് വിഭാഗത്തില്‍ ആദിത്യയും അല്‍നയും ഒന്നാം സ്ഥാനത്തെത്തിയതും ‘എ ’ഗ്രേഡ് നേടിക്കൊണ്ടുതന്നെ.സാമൂഹ്യശാസ്ത്രക്വിസ്സില്‍ ആദിത്യയും മഞ്ജിമയും ചേര്‍ന്ന ടീം രണ്ടാം സ്ഥാനത്തെത്തിയതുകൂടി പരിഗണിച്ചപ്പോള്‍ ഈ മേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നമുക്ക് സ്വന്തം!
  

പ്രവ്യ് ത്തിപരിചയമേളയില്‍ പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം,വുഡ്കാര്‍വിംഗ്,മരപ്പണി,എന്നിവയില്‍ യഥാക്രമം സൂരജ്,സനേഷ്ബാബു,അശ്വിന്‍ എന്നിവര്‍ ‘എ‘ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അമ്യ് ത(വോളിബോള്‍ നെറ്റ് നിര്‍മ്മാണം),ഷാജിത്ത്(ഇലക്ട്രിക്കല്‍ വയറിംഗ്) എന്നിവര്‍ രണ്ടാം സ്ഥാനത്തും ജന്യ രാജ്(ബുക് ബൈന്റിംഗ്) മൂന്നാം സ്ഥാനത്തും, നന്ദനബാബു(വെജിറ്റബിള്‍ പ്രിന്റിംഗ്)നാലാം സ്ഥാനത്തും എത്തി.ഇവര്‍ക്കും എ ഗ്രേഡ് തന്നെ.കൂടാതെ ബീഡ്സ് വര്‍ക്കില്‍ മാളവികയ്ക്ക് ബി.ഗ്രേഡും,എംബ്രോയിഡറിയില്‍ നിരഞ്ജന്‍,ക്ലേ മോഡലിംഗില്‍ ആദിത്യകിരണ്‍ എന്നിവര്‍ക്ക് സി.ഗ്രേഡും ലഭിച്ചു.



ഗണിതമേളയില്‍ പസില്‍ അവതരിപ്പിച്ച ആര്‍ദ്ര സുരേഷ്,ജ്യോമെട്രിക് ചാര്‍ട്ട് വരച്ച ശ്വേതലക്ഷ്മി എന്നിവര്‍ക്ക് ബി ഗ്രേഡും ലഭിച്ചപ്പോള്‍ ശാസ്ത്രോസവത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഗ്രേഡുകള്‍ നേടി എന്നത് നല്ല തുടക്കമായി നമുക്ക് വിലയിരുത്താം..വരും വര്‍ഷം കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവയെല്ലാം പ്രചോദനമാകും..തീര്‍ച്ച.

Thursday, 8 October 2015

രണ്ടാം ക്ലാസ്സിലെ പാവനാടകം- ‘ഭീകരന്‍’

രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ വായനച്ചെപ്പായി ഉള്‍പ്പെടുത്തിയ ‘പാവനാടകം’- ഭീകരന്‍.....വായിച്ചതുകൊണ്ടുമാത്രം ആയില്ലല്ലോ....അതിനാല്‍ അതിലെ ഒരു കഥാപാത്രമായ ‘രാജു ‘ വിനെ വിരല്‍പ്പാവ ഉപയോഗിച്ച് കുട്ടികളുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ അവര്‍ നന്നായി ആസ്വദിച്ചു..മറ്റു കഥാപാത്രങ്ങളുടെ പാവകള്‍ നിര്‍മ്മിക്കാനുള്ള ലളിതമായ രീതികളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി..കാര്‍ഡ്ബോര്‍ഡില്‍ വരച്ചും,ചിത്രങ്ങള്‍ മുറിച്ചെടുത്ത് ഒട്ടിച്ചും,വടിയില്‍ കുത്തി ഉയര്‍ത്തിപ്പിടിക്കാവുന്ന തരത്തിലുള്ള പാവകള്‍ ചില കുട്ടികള്‍ ഇന്ന്കൊണ്ടുവന്നു...ഗീതിക കൊണ്ടുവന്ന ഈച്ചപ്പാവ ശരിക്കും ‘ഭീകരന്‍‘ തന്നെ!മാമന്‍ ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണത്രെ...പാവനാടകത്തില്‍ പറയുന്നമാതിരി ഭീകരന്‍ ഈച്ചയെ രാജുവിന്റെ തലയില്‍ ഇരുത്തിയപ്പോള്‍ തല നിറഞ്ഞുനിന്നു ഈ ഭീകരന്‍!..ഇതും കൂടിയായപ്പോള്‍ പാവനാടകം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി...ഒപ്പം നാടകത്തിലൂടെ അവതരിപ്പിച്ച ‘ശുചിത്വം‘ എന്ന ആശയവും..