Saturday, 20 June 2015

മുത്തശ്ശിമരം കണക്കു പഠിപ്പിക്കുന്നു...

മരമുത്തശ്ശിയുടെ തണലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു  കുട്ടികൾ .അപ്പോഴാണ് ഒരു സാധനം താഴേക്ക് വീണത് .എന്തായിരിക്കും അത് ? പഴം ,കായ ,പൂവ് ....  ഇങ്ങനെ  പോയി  കുട്ടികളുടെ പ്രതികരണങ്ങൾ ...ഇതൊന്നുമല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇലയായിരിക്കുമെന്ന് ഒരു മിടുക്കൻ വിളിച്ചു പറഞ്ഞു." ശരി,  ഒരു പഴുത്ത ഇലതന്നെയാണ് താഴെ വീണത്‌." ഞാൻ പറഞ്ഞപ്പോൾ അവന് സന്തോഷം.  “താഴെ വീണ ഇലയുടെ നിറം എന്തായിരിക്കും?”,ഞാന്‍ ചോദിക്കേണ്ട താമസം,“മഞ്ഞ” എന്ന് പറഞ്ഞ് ആദിത്യന്‍ ചാടിയെഴുന്നേറ്റു.“ശരി,ഇനി ഓരോരുത്തരും അവരവരുടെ നോട്ട്ബുക്കില്‍  രണ്ട് ഇലകള്‍ വരയ്ക്കണം-ഒരു പച്ചിലയും ഒരു പഴുത്ത ഇലയും.” “അപ്പോള്‍ നിറം കൊടുക്കണ്ടേ?” കാര്‍ത്തിക്കിനു സംശയം.“എടാ..നിറം കൊടുത്താലല്ലേ പച്ചിലയും പഴുത്ത ഇലയും കണ്ടാല്‍ മനസ്സിലാകൂ..”പാര്‍ഥിവിന്റെ പ്രതികരണത്തോടെ എല്ലാവരുടെയും സംശയം തീര്‍ന്നു..കുട്ടികള്‍ വര തുടങ്ങി...പച്ചയും മഞ്ഞയും നിറം നല്‍കി..പലരുടെയും ഇലകള്‍ നന്നേ ചെറുത്..ഞാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ വരച്ചത് മായിച്ച് വലിയവ വരച്ചു...കുട്ടികള്‍ക്ക് വരച്ചു കഴിയുമ്പോഴേക്ക് ഞാന്‍ വൈറ്റ് ബോര്‍ഡില്‍ ശാഖകളും ഇലകളും ഉള്ള ഒരു മുത്തശ്ശിമരം വരച്ചു...“ഇതിന് എത്ര ഇലകളുണ്ട്?” കുട്ടികള്‍ എണ്ണം നോട്ട്ബുക്കില്‍ എഴുതി...18 ആയിരുന്നു ശരിയുത്തരം...ഭൂരിഭാഗം പേരും അതുതന്നെയാണ് എഴുതിയിരുന്നത്..തെറ്റിയവരെ ബോര്‍ഡിനടുത്തേക്ക് വിളിച്ച് വടികൊണ്ട് തൊട്ട് എണ്ണിച്ചപ്പോള്‍ അവര്‍ക്കും ശരിയുത്തരം കിട്ടി. “ഇതില്‍ പകുതിയെണ്ണം പഴുത്ത ഇലകളാണ്..ബാക്കി പച്ചയും-എങ്കില്‍ പഴുത്തതെത്ര? പച്ചയെത്ര?”എന്റെ ചോദ്യത്തിന് ആദ്യം ആര്‍ക്കും ഉത്തരം ലഭിച്ചില്ല..18ന്റെ പകുതി എത്രയാണെന്ന് അരിയാത്തതാണോ..അതോ ‘പകുതി’എന്ന ആശയം തന്നെ അറിയാത്തതാണോ?  അല്‍പ്പം കൂടി വിശദീകരണങ്ങള്‍ നല്‍കിയപ്പോള്‍ രണ്ടുമൂന്നുപേര്‍ക്ക് ഉത്തരം കിട്ടി...ഞാന്‍ മറ്റൊരു പ്രശ്നം കുട്ടികള്‍ക്ക് നല്‍കി,“ആകെ ഇലകള്‍ 18..അതില്‍ 10 എണ്ണമാണ് പഴുത്ത ഇലകള്‍” എങ്കില്‍ പച്ചിലകള്‍ എത്ര?”...ഇപ്പോള്‍ കുറേക്കൂടി കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ത്തന്നെ ഉത്തരം കിട്ടി....“18 ഇലകളെ മറ്റേതെല്ലാം രീതിയില്‍ പച്ചയും പഴുത്തതുമായി കൂട്ടങ്ങളാക്കാം? ”സംഖ്യാ വ്യാഖ്യാനത്തിനുള്ള തുറന്ന അവസരം നല്‍കിയപ്പോള്‍ പലരും പലരീതിയില്‍ വ്യാഖ്യാനിച്ചു...ഓരോരുത്തരും പറഞ്ഞത് ബോര്‍ഡില്‍ രേഖപ്പെടുത്തി...പിന്നീട് എല്ലാം കുട്ടികളുടെ നോട്ട് ബുക്കിലേക്ക്..“ഇനി ഒന്നു കൂടി..പഴുത്ത ഇലകളുടെയും പച്ചിലകളുടെയും എണ്ണം തുല്യമാണെങ്കില്‍ ഓരോന്നും എത്രവീതമായിരിക്കുമെന്ന്  മുത്തശ്ശിമരത്തിന്റെ ചിത്രം നോട്ട്ബുക്കില്‍ വരച്ച് നിറം നല്‍കി കണ്ടെത്തണം.”..കുട്ടികള്‍ താല്‍പ്പര്യപൂര്‍വം പുസ്തകത്തില്‍ ചിത്രം വരച്ച് നിറം നല്‍കി ഉത്തരം കണ്ടെത്തി...;പിന്നാക്കക്കാര്‍ക്കായി,അവരെക്കൂടി ഇടപെടുവിച്ചുകൊണ്ട് ഞാന്‍ ബോര്‍ഡിലെ മുത്തശ്ശിമരത്തിന്റെ ഇലകള്‍ക്കും നിറം നല്‍കി...തുല്യ,പകുതി  തുടങ്ങിയ ആശയങ്ങളും,സംഖ്യാബോധവും,വ്യാഖ്യാനവും,കലാപഠനവും എല്ലാം ഉള്‍പ്പെടുത്തി ഇതുമാതിരിയുള്ള ഉദ്ഗ്രഥിത പഠനം തന്നെയല്ലേ രണ്ടാം ക്ലാസ്സില്‍ നടക്കേണ്ടത്?.....(ഈ പ്രവര്‍ത്തനത്തില്‍നിന്ന് പരിസരപഠനത്തിന്റെ കൂടുതല്‍ സാധ്യതകളിലേക്ക്എത്തിയതെങ്ങനെയെന്ന് അടുത്ത പോസ്റ്റില്‍.....)



7 comments:

  1. Replies
    1. സുരേന്ദ്രന്‍ മാഷ്,.....ഇവിടെ കണ്ടതില്‍ സന്തോഷം..തുടര്‍ന്നും കാണുമല്ലോ.

      Delete
  2. മാഷേ ..തുടര്‍ച്ച പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. രാജന്‍ബോസ്...വായിച്ചതിലും പ്രതികരിച്ചതിലും സന്തോഷം...തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാകും

      Delete
  3. മാഷേ ...പുതിയ സ്കൂളില്‍ നവോന്മേഷതോടെ....എല്ലാ ആശംസകളും !

    ReplyDelete