വായനാവാരത്തില്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്ന മെഗാ പരിപാടിക്കള്‍ക്കപ്പുറം വായനയുമായി ബന്ധപ്പെട്ട് ക്ലാസ്സ്മുറികളില്‍ നടത്താവുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈയൊരാഴ്ചക്കാലംകൊണ്ട് കഴിയും എന്ന ആലോചനയല്ലേ കുറേക്കൂടി നല്ലത്?ജൂണ്‍ 19നു സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പി.എന്‍.പണിക്കരെ അനുസ്മരിച്ചുകൊണ്ട് ചുരുക്കം വാക്കുകള്‍..ഗ്രന്ഥശാലാ സംഘത്തിന്റെ രൂപീകരണം,കാന്‍ഫെഡ് വഴി നടത്തിയ സാക്ഷരതാ പ്രവര്‍ത്തനം..ഇങ്ങനെയുള്ള കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞശേഷം അവര്‍ക്ക് വായിക്കാവുന്ന ചില പുസ്തകങ്ങള്‍ പരിചയപ്പെടുത്തി...ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒന്നാം ക്ലാസ്സുകാരന്‍ നല്‍കിയ പുസ്തകങ്ങള്‍ ക്ലാസ്സില്‍ വെച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിച്ചുകൊറ്റുക്കുകയാണ് ഒന്നാം ക്ലാസ്സിലെ ടീച്ചര്‍...ഞാന്‍ ഇന്ന് ക്ലാസ്സില്‍ പോയി അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു,“ടീച്ചര്‍ ആറ് കഥകള്‍ പറഞ്ഞു തന്നു.”..“ഇന്ന് ഏതു കഥയാ പറഞ്ഞുതന്നത്?” എന്റെ ചോദ്യം കേള്‍ക്കേണ്ട താമസം ,“അപ്പൂം,അപ്പൂന്റച്ഛനും” ,കുട്ടികള്‍ ഒന്നിച്ച് പറഞ്ഞു....“ഇതാ ബുക്ക്”ഒരു മിടുക്കന്‍ ഓടിപ്പോയി ടീച്ചറുടെ മേശപ്പുറത്തുനിന്നും ആ പുസ്തകമെടുത്ത് എന്നെ കാണിച്ചു...മറ്റു പുസ്തകങ്ങളുടെ പേരുകളുമവര്‍ എനിക്ക് പറഞ്ഞു തന്നു... കുഞ്ഞുങ്ങളെ വായനയുടെ ലോകത്തിലേക്ക് നയിക്കാനുള്ള കുഞ്ഞുവഴിതന്നെയല്ലേ ഇത് ?
രണ്ടാം ക്ലാസ്സിലാണെങ്കില്‍ ‘അക്ഷരപ്പൂമഴ’യിലെ എല്ലാ പുസ്തകങ്ങളും കുട്ടികള്‍ താല്‍പ്പര്യപൂര്‍വം വായിച്ചുതുടങ്ങിയിരിക്കുന്നു...തപ്പിത്തടഞ്ഞുവായിക്കുന്നവരും ഒരുവിധം നന്നായി വായിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്..എങ്ങനെയായാലും അവര്‍ വായിച്ചുതുടങ്ങട്ടെ....ക്ലാസ്സിന്റെ തുടക്കത്തില്‍ പത്രവായനയ്ക്കുള്ള അവസരവും ഞാന്‍ നല്‍കുന്നുണ്ട്...സന്നദ്ധതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ്സില്‍ രൂപപ്പെട്ട മുത്തശ്ശിമരം മെല്ലെമെല്ലെ വായനാമരമായി മാറിക്കൊണ്ടിരിക്കുന്നു...മരത്തിന്റെ ഇലകളില്‍ കുഞ്ഞുങ്ങള്‍ എഴുതിയ കാര്യം അവര്‍ മാറി മാറി വായിക്കുകയാണ്..മരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു കൊച്ചുപുസ്തകവും ഞാന്‍ അവരെ പരിചയപ്പെടുത്തി..‘മരം ഒരു വരം.’


No comments:
Post a Comment