Tuesday, 26 January 2016

‘വിദ്യാലയവികസനത്തിന് വിഷന്‍ 2022’ ആദ്യ സംരംഭമായി സ്മാര്‍ട്ട് ക്ലാസ്സ്


കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ ആദ്യ സ്മാര്‍ട്ട് ക്ലാസ്സ്,ഈ റിപ്പബ്ലിക്ദിനത്തില്‍ ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ് സ്വിച്ച് ഓണ്‍ ചെയ്ത്,ടച്ച് സ്ക്രീനില്‍ സ്മാര്‍ട്ട് പേനകൊണ്ട് എഴുതിയായിരുന്നു ഉല്‍ഘാടനം.കമ്പ്യൂട്ടര്‍,ഇന്റ്റര്‍നെറ്റ് കണക് ഷന്‍,എല്‍.സി.ഡി.പ്രൊജക്റ്റര്‍,ഇന്ററാക്റ്റീവ് വൈറ്റ്ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിലായിരിക്കും ഇനിമുതല്‍ നാലാം ക്ലാസ്സുകാരുടെ പഠനം.ജനകീ യക്കൂട്ടായ്മയിലൂടെ രൂപപ്പെട്ട‘വിദ്യാലയവികസനത്തിന് വിഷന്‍ 2022’-പദ്ധതിയിലെ ആദ്യ പരിപാടിയായിട്ടാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കിയത്.ഇതിലേക്കാവശ്യമായ മുഴുവന്‍ തുകയും രക്ഷിതാക്കളില്‍ നിന്നും,പൂര്‍വ വിദ്യാര്‍ഥികളില്‍നിന്നും,നാട്ടുകാരില്‍ നിന്നും സംഭാവനയായി സ്വരൂപിച്ചതാണ്.മറ്റു ക്ലാസ്സുകളില്‍ക്കൂടി ഈ വര്‍ഷം മാര്‍ച്ച് 31 നുമുമ്പ് ഇതേ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാലയ വികസന സമിതി.എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു മോഡല്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം സ്കൂളിന് അനുവദിച്ചതായി ചടങ്ങില്‍ വെച്ച് എം.എല്‍.എ പ്രഖ്യാപിച്ചത് ആവേശകരമായ അനുഭവമായി. .ഇതിനു പുറമെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ പ്രത്യേകം അനുവദിച്ചതായും അദ്ദേഹം അറിയിച്ചതോടെ ‘ക്ലാസ്സ് റൂം ഡിജിറ്റലൈസാഷന്‍‘ എന്ന വിദ്യാലയവികസനസമിതിയുടെ സ്വപ്നം പൂവണിയുമെന്ന് ഉറപ്പ്.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ.എം.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി.സ്മാര്‍ട്ട് ക്ലാസ്സ്മുറിക്ക് ആമുഖമായി ചില കാര്യങ്ങള്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.പി.വി.പുരുഷോത്തമന്‍  അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രജനി,പഞ്ചായത്ത് മെമ്പര്‍മാരായ പി.പി.മോഹനന്‍,കെ.ഷീന,കെ.വിജയകുമാരി,മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ ,ടി.ദാമോദരന്‍,പി.ലക്ഷ്മണന്‍,കെ.വി.ഭാസകരന്‍,കെ.പി.രന്‍ഞ്ജിത്ത്, കെ.രാജന്‍,ചിത്രലേഖ.കെ,സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,വികസന സമിതി.ജോ:കണ്‍ വീനര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഉല്‍ഘാടനം:ശ്രീ.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ

മുഖ്യ പ്രഭാഷണം:ഡോ.എം.ബാലന്‍(ഡി.പി.ഒ, എസ്.എസ്.എ,കാസര്‍ഗോഡ്)

സ്മാര്‍ട്ട് ക്ലാസ്സ് മുറിക്ക് ആമുഖം:ഡോ.പി.വി.പുരുഷോത്തമന്‍(സീനിയര്‍ ലക്ചറര്‍,ഡയറ്റ് ,കാസര്‍ഗോഡ്)

ആശംസ:കെ.പി.രഞ്ജിത്ത്  (ബി .ആര്‍.സി.ട്രെയിനര്‍)

ആശംസ:ശ്രീമതി രജനി(വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേര്‍സണ്‍)

ആശംസ:ശ്രീ.പി.പി.മോഹനന്‍(വാര്‍ഡ് മെമ്പര്‍&ചെയര്‍മാന്‍,വിദ്യാലയ വികസന സമിതി)

Friday, 23 October 2015

“വിജയിച്ചൂ..വിജയിച്ചൂ... ശാസ്ത്രമേളയില്‍ വിജയിച്ചൂ....”

                   കയ്യൂര്‍ ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് ഒക്റ്റോബര്‍ 14,15,16 തീയ്യതികളില്‍ നടന്ന ഈ വര്‍ഷത്തെ ശാസ്ത്രോത്സവത്തില്‍ ശാസ്ത്രമേളയിലും,സാമൂഹ്യശാസ്ത്രമേളയിലും എല്‍.പി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നമ്മുടെ വിദ്യാലയം സ്വന്തമാക്കി
                                                                                      

 സമാപനസമ്മേളനത്തില്‍ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശ് കുമാറില്‍നിന്നും സ്കൂള്‍ ലീഡര്‍ ആദിത്യരവീന്ദ്രനും കൂട്ടുകാരായ മഞ്ജിമ,ശ്രേയ,ആദിത്ത്,നന്ദന ബാബു എന്നിവരും റോളിംഗ് ട്രോഫികള്‍ ഏറ്റുവാങ്ങി.
 മേളയുടെ തൊട്ടടുത്ത പ്രവ്യ് ത്തിദിവസം സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിജയികളെ അനുമോദിക്കുകയും തുടര്‍ന്ന് കയ്യൂരിന്റെ ഗ്രാമവഴികളിലൂടെ പാടവും,പറമ്പും,റോഡും,തോടും താണ്ടി അധ്യാപകരും കുട്ടികളും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.വിദ്യാലയമികവ് മുഴുവന്‍ നാട്ടുകാരെയും അറിയിക്കുന്നതിനായി....



 ശാസ്ത്രമേളയില്‍ നാലാംതരത്തിലെ അര്‍ച്ചനയും,മൂന്നാം തരത്തിലെ ആദിത്തും ചേര്‍ന്ന ടീം ശേഖരണത്തിന് ‘എ’ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയന്‍സ് ചാര്‍ട്ടിന് മഞ്ജിമയും വാണിയും ‘എ’ഗ്രേഡോടെ നാലാം സ്ഥനത്തെത്തിയപ്പോള്‍ ലഘുപരീക്ഷനത്തിന് ശ്രേയയും അമേയയും ‘ബി’ഗ്രേഡ് നേടി.മൂന്നിനങ്ങളിലായി ആകെ ലഭിച്ച 18 പോയിന്റാണ് വിദ്യാലയത്തെ   ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമാക്കിയത്.   
 സാമൂഹ്യശാസ്ത്രമേളയിലെ ചാര്‍ട്ട് വിഭാഗത്തില്‍ ആദിത്യയും അല്‍നയും ഒന്നാം സ്ഥാനത്തെത്തിയതും ‘എ ’ഗ്രേഡ് നേടിക്കൊണ്ടുതന്നെ.സാമൂഹ്യശാസ്ത്രക്വിസ്സില്‍ ആദിത്യയും മഞ്ജിമയും ചേര്‍ന്ന ടീം രണ്ടാം സ്ഥാനത്തെത്തിയതുകൂടി പരിഗണിച്ചപ്പോള്‍ ഈ മേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നമുക്ക് സ്വന്തം!
  

പ്രവ്യ് ത്തിപരിചയമേളയില്‍ പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം,വുഡ്കാര്‍വിംഗ്,മരപ്പണി,എന്നിവയില്‍ യഥാക്രമം സൂരജ്,സനേഷ്ബാബു,അശ്വിന്‍ എന്നിവര്‍ ‘എ‘ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അമ്യ് ത(വോളിബോള്‍ നെറ്റ് നിര്‍മ്മാണം),ഷാജിത്ത്(ഇലക്ട്രിക്കല്‍ വയറിംഗ്) എന്നിവര്‍ രണ്ടാം സ്ഥാനത്തും ജന്യ രാജ്(ബുക് ബൈന്റിംഗ്) മൂന്നാം സ്ഥാനത്തും, നന്ദനബാബു(വെജിറ്റബിള്‍ പ്രിന്റിംഗ്)നാലാം സ്ഥാനത്തും എത്തി.ഇവര്‍ക്കും എ ഗ്രേഡ് തന്നെ.കൂടാതെ ബീഡ്സ് വര്‍ക്കില്‍ മാളവികയ്ക്ക് ബി.ഗ്രേഡും,എംബ്രോയിഡറിയില്‍ നിരഞ്ജന്‍,ക്ലേ മോഡലിംഗില്‍ ആദിത്യകിരണ്‍ എന്നിവര്‍ക്ക് സി.ഗ്രേഡും ലഭിച്ചു.



ഗണിതമേളയില്‍ പസില്‍ അവതരിപ്പിച്ച ആര്‍ദ്ര സുരേഷ്,ജ്യോമെട്രിക് ചാര്‍ട്ട് വരച്ച ശ്വേതലക്ഷ്മി എന്നിവര്‍ക്ക് ബി ഗ്രേഡും ലഭിച്ചപ്പോള്‍ ശാസ്ത്രോസവത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഗ്രേഡുകള്‍ നേടി എന്നത് നല്ല തുടക്കമായി നമുക്ക് വിലയിരുത്താം..വരും വര്‍ഷം കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവയെല്ലാം പ്രചോദനമാകും..തീര്‍ച്ച.

Thursday, 8 October 2015

രണ്ടാം ക്ലാസ്സിലെ പാവനാടകം- ‘ഭീകരന്‍’

രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ വായനച്ചെപ്പായി ഉള്‍പ്പെടുത്തിയ ‘പാവനാടകം’- ഭീകരന്‍.....വായിച്ചതുകൊണ്ടുമാത്രം ആയില്ലല്ലോ....അതിനാല്‍ അതിലെ ഒരു കഥാപാത്രമായ ‘രാജു ‘ വിനെ വിരല്‍പ്പാവ ഉപയോഗിച്ച് കുട്ടികളുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ അവര്‍ നന്നായി ആസ്വദിച്ചു..മറ്റു കഥാപാത്രങ്ങളുടെ പാവകള്‍ നിര്‍മ്മിക്കാനുള്ള ലളിതമായ രീതികളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി..കാര്‍ഡ്ബോര്‍ഡില്‍ വരച്ചും,ചിത്രങ്ങള്‍ മുറിച്ചെടുത്ത് ഒട്ടിച്ചും,വടിയില്‍ കുത്തി ഉയര്‍ത്തിപ്പിടിക്കാവുന്ന തരത്തിലുള്ള പാവകള്‍ ചില കുട്ടികള്‍ ഇന്ന്കൊണ്ടുവന്നു...ഗീതിക കൊണ്ടുവന്ന ഈച്ചപ്പാവ ശരിക്കും ‘ഭീകരന്‍‘ തന്നെ!മാമന്‍ ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണത്രെ...പാവനാടകത്തില്‍ പറയുന്നമാതിരി ഭീകരന്‍ ഈച്ചയെ രാജുവിന്റെ തലയില്‍ ഇരുത്തിയപ്പോള്‍ തല നിറഞ്ഞുനിന്നു ഈ ഭീകരന്‍!..ഇതും കൂടിയായപ്പോള്‍ പാവനാടകം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി...ഒപ്പം നാടകത്തിലൂടെ അവതരിപ്പിച്ച ‘ശുചിത്വം‘ എന്ന ആശയവും..





Sunday, 27 September 2015

‘ഏലഞ്ചേലഞ്ചോ... ഏലഞ്ചും പൂഞ്ചോല..’

“ഏലഞ്ചേലഞ്ചോ ... ഏലഞ്ചും പൂഞ്ചോല....  എന്തിന്‍ ചോടാണ്... ചോടുകെട്ടിപ്പോകണത്?”.... ....“ചക്കച്ചോടാണ്...ചോടുകെട്ടിപ്പോകണത്..”.....രണ്ടാം  ക്ലാസ്സിലെ ഈ നാടൻപാട്ട് ഒരു തവണ പാടിക്കൊടുത്തപ്പോൾത്തന്നെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. വേഷവിധാനങ്ങളോടെ നാളെ ഇതിന്റെ ദൃശ്യാവിഷ്കാരം നടത്താമെന്ന് പറഞ്ഞപ്പോ ൾ എല്ലാവരും തയ്യാർ .കാവി മുണ്ട്, തോർത്ത്, ഷാൾ തുടങ്ങിയ സാധനങ്ങളുമായി അടുത്ത ദിവസം കുട്ടികളെത്തിയപ്പോൾ അധികമൊന്നും ആലോചിച്ചില്ല.. റിഹേഴ്സലും അവതരണവുമെല്ലാം ഉടൻ നടന്നു.കൂട്ടുകാർ ഒന്നിച്ച് ആടി..... പാടി ... ആസ്വദിച്ചു...  വരികള്‍ കൂട്ടിക്കൂട്ടിച്ചേര്‍ത്ത് പാട്ടും ആട്ടവും തുടര്‍ന്നു.....കൂട്ടിച്ചേര്‍ത്ത വരികള്‍  ആദ്യം  നോട്ടുപുസ്തകത്തിലും പിന്നീട് ശേഖരണപുസ്തകത്തിലും എഴുതി........


ഇങ്ങനെത്തന്നെയല്ലേ പഠനം ആസ്വാദ്യകരമായ അനുഭവമായി മാറുന്നത്?

Saturday, 22 August 2015

പഠനമികവിനു ലഭിച്ച കാഷ് അവാര്‍ഡ് വിദ്യാലയവികസനനിധിയിലേക്ക് സംഭാവന നല്‍കി സഞ്ജന മാത്യ് കയായി.....



   “എനിക്കുലഭിച്ച  ഈ  കാഷ്അവാര്‍ഡ്,വിദ്യാലയവികസനനിധിയിലേക്കുള്ള സംഭാവനയായി എം.എല്‍.എ യെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”സഞ്ജനയുടെ പ്രഖ്യാപനം വേദിയിലും സദസ്സിലുമുള്ളവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചപ്പോള്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സന്തോഷപൂര്‍വം തുക ഏറ്റുവാങ്ങി.ഒപ്പം ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാനും എം.എല്‍.എ മറന്നില്ല. 
കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ ‘വിഷന്‍ 2022‘ന്റെഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി  വിദ്യാലയവികസനനിധിയിലേക്കുള്ള ആദ്യസംഭാവന    ഏറ്റുവാങ്ങാന്‍എത്തിയതായിരുന്നുഎം.എല്‍.എ.                                             രക്ഷിതാക്കള്‍,പൂര്‍വിദ്യാര്‍ഥികള്‍,പൂര്‍വാധ്യാപകര്‍,നാട്ടുകാര്‍ എന്നിവരില്‍ നിന്നായി 80,000 രൂപ ചടങ്ങില്‍ വെച്ച് എം.എല്‍.എ ഏറ്റുവാങ്ങി.


 കഴിഞ്ഞ അധ്യയനവര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ നിന്ന് മികവുതെളിയിച്ചകുട്ടികള്‍ക്ക് പി.ദാമോദരന്‍,പി.ഗോപാലന്‍ വൈദ്യര്‍ എന്നിവരുടെ                                             സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും,മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി.കുഞ്ഞിക്യ് ഷ്ണന്റെ വകയായ കാഷ് അവാര്‍ഡും വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ അവാര്‍ഡുകള്‍  വിതരണം ചെയ്യവെയായിരുന്നു  നാലാം തരത്തിലെ മികച്ച കുട്ടിക്കുള്ള അവാര്‍ഡിനര്‍ഹയായ സഞ്ജന എസ്.ആനന്ദിന്റെ പ്രഖ്യാപനം.ഇപ്പോള്‍ കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ് ഈ കൊച്ചു മിടുക്കി.


 മുന്‍ പ്രധാനാധ്യാപകന്‍ കെ.ഗോപാലന്‍ മാസ്റ്റര്‍,പൂര്‍വ വിദ്യാര്‍ഥികളായ കെ.വി.അമ്പാടിക്കുഞ്ഞി,സഞ്ജു ഭാസ്കര്‍,ശ്രീരാജ് മേലാടത്ത്,ക്ലാസ്സ് പി.ടി.എ പ്രസിഡണ്ടുമാരായ പ്രസീന,ശ്രീലത ബാബു,സജിത,ധന്യ എന്നിവര്‍ വിദ്യാലയവികസനനിധിയിലേക്കുള്ള ആദ്യവിഹിതം എം.എല്‍.എ യെ ഏല്‍പ്പിച്ചു.കയ്യൂര്‍ സമരസേനാനികളായ ചൂരിക്കാടന്‍ ക്യ് ഷ്ണന്‍ നായരുടെ മകന്‍ പീതാംബരന്‍,ടി.പൊക്കായിയുടെ മകന്‍ കെ.കുമാരന്‍ എന്നിവര്‍ മുന്‍ കൂട്ടിഎത്തിച്ച തുകയും  പ്രധാനാധ്യാപകന്‍ കെ.നാരായണന്‍  എം.എല്‍.യ്ക്ക് കൈമാറി. 
 സ്മാര്‍ട്ട് ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുവാനാവശ്യമായ ‘ലാപ്ടോപ്പുകള്‍‘  എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കും എന്നുള്ള കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ പ്രഖ്യാപനം വിദ്യാലയവികസനസമിതി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി.


 ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സനുമായ കെ.പത്മാവതി.ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.കുഞ്ഞിക്കണ്ണന്‍,ടി.ദാമോദരന്‍,പി.പി.കുഞ്ഞിക്യ് ഷ്ണന്‍,കെ.രവീന്ദ്രന്‍, കെ.രാജന്‍,കെ.ചിത്രലേഖ,കെ.വി.ഭാസകരന്‍,ആദിത്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.കെ.നാരായണന്‍ സ്വാഗതവും ഡി.ബാബു നന്ദിയും പറഞ്ഞു.



Sunday, 16 August 2015

സ്വാതന്ത്ര്യദിനത്തില്‍ കയ്യൂര്‍ സ്മാരകത്തിലേക്ക് കുരുന്നുകളുടെ പദയാത്ര

പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജന്മിത്വത്തിനും,സാമ്രാജ്യത്വത്തിനുമെതിരെ പടനയിച്ച് കഴുമരത്തിലേറിയ പൂര്‍വികരുടെ  സ്മാരകത്തിലേക്ക് ,സ്വാതന്ത്ര്യസമരത്തില്‍ സ്വന്തം ഗ്രാമത്തിന്റെ സംഭാവനകള്‍ തിരിച്ചറിയുന്നതിനയി കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുട്ടികള്‍ നടത്തിയ പദയാത്ര ആവേശഭരിതമായി. പതാകയുയര്‍ത്തല്‍  ചടങ്ങിനുശേഷം ദേശീയപതാകകളും കയ്യിലേന്തി,ഗാന്ധിത്തൊപ്പിയുമണിഞ്ഞ് പദയാത്രയ്ക്കായി കുട്ടികള്‍ അണിനിരന്നപ്പോള്‍,ഗ്രാമപഞ്ചായത്ത്  മെമ്പര്‍ കെ.പത്മാവതി സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഇടയ്ക്ക് പെയ്ത മഴയ കൂസാതെ മുദ്രാവാക്യങ്ങളുമായി കുരുന്നുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍,പുതുതലമുറക്കാരുടെ പ്രകടനം കാണാന്‍ വീടുകളില്‍നിന്നും ആളുകള്‍ പുറത്തിറങ്ങി കാത്തുനിന്നു.കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍ എത്തിയ കുട്ടികള്‍ക്ക് ,ജന്മിമാരുടെ ചൂഷണത്തിനെതിരെ കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെയും,                   സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങളുടെയും  കഥ വിദ്യാലയവികസനസമിതി രക്ഷാധികാരിയും,മുന്‍ പഞ്ചായത്ത് മെമ്പറുമായ ടി.ദാമോദരന്‍ പറഞ്ഞുകൊടുത്തപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിസ്മയം.ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയ ഭാരതനാടിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നപ്രതിജ്ഞയുമായാണ് കുട്ടികള്‍ സ്കൂളിലേക്ക് തിരിച്ചുപോയത്.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍,    പൂര്‍വവിദ്യാര്‍ഥി സംഘടനാപ്രസിഡണ്ട് ലക്ഷ്മണന്‍,പി.ടി.എ കമ്മറ്റിയംഗം സുന്ദരന്‍,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ പ്രസീന,ശ്രീലത, അധ്യാപകരായ ഭാസകരന്‍ കെ.വി,പി.വി.രതി  പി.ടി.സി.എം  കരുണാകരന്‍  എന്നിവരും കുട്ടികള്‍ക്കൊപ്പം പദയാത്രയില്‍ അണിനിരന്നു.യാത്രകഴിഞ്ഞെത്തിയ കുട്ടികളെ പായസം നല്‍കിയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്.തുടര്‍ന്ന് നടന്ന ബാലസഭയില്‍ ഓരോ ക്ലാസ്സിലെയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം,പ്രസംഗം എന്നിവയും അരങ്ങേറി.