“എനിക്കുലഭിച്ച ഈ കാഷ്അവാര്‍ഡ്,വിദ്യാലയവികസനനിധിയിലേക്കുള്ള സംഭാവനയായി എം.എല്‍.എ യെ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”സഞ്ജനയുടെ പ്രഖ്യാപനം വേദിയിലും സദസ്സിലുമുള്ളവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചപ്പോള്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സന്തോഷപൂര്‍വം തുക ഏറ്റുവാങ്ങി.ഒപ്പം ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാനും എം.എല്‍.എ മറന്നില്ല.
കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ ‘വിഷന്‍ 2022‘ന്റെഭാഗമായി സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി വിദ്യാലയവികസനനിധിയിലേക്കുള്ള ആദ്യസംഭാവന ഏറ്റുവാങ്ങാന്‍എത്തിയതായിരുന്നുഎം.എല്‍.എ. രക്ഷിതാക്കള്‍,പൂര്‍വവിദ്യാര്‍ഥികള്‍,പൂര്‍വാധ്യാപകര്‍,നാട്ടുകാര്‍ എന്നിവരില്‍ നിന്നായി 80,000 രൂപ ചടങ്ങില്‍ വെച്ച് എം.എല്‍.എ ഏറ്റുവാങ്ങി.
കഴിഞ്ഞ അധ്യയനവര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ നിന്ന് മികവുതെളിയിച്ചകുട്ടികള്‍ക്ക് പി.ദാമോദരന്‍,പി.ഗോപാലന്‍ വൈദ്യര്‍ എന്നിവരുടെ സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും,മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി.കുഞ്ഞിക്യ് ഷ്ണന്റെ വകയായ കാഷ് അവാര്‍ഡും വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യവെയായിരുന്നു നാലാം തരത്തിലെ മികച്ച കുട്ടിക്കുള്ള അവാര്‍ഡിനര്‍ഹയായ സഞ്ജന എസ്.ആനന്ദിന്റെ പ്രഖ്യാപനം.ഇപ്പോള്‍ കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനിയാണ് ഈ കൊച്ചു മിടുക്കി.
മുന്‍ പ്രധാനാധ്യാപകന്‍ കെ.ഗോപാലന്‍ മാസ്റ്റര്‍,പൂര്‍വ വിദ്യാര്‍ഥികളായ കെ.വി.അമ്പാടിക്കുഞ്ഞി,സഞ്ജു ഭാസ്കര്‍,ശ്രീരാജ് മേലാടത്ത്,ക്ലാസ്സ് പി.ടി.എ പ്രസിഡണ്ടുമാരായ പ്രസീന,ശ്രീലത ബാബു,സജിത,ധന്യ എന്നിവര്‍ വിദ്യാലയവികസനനിധിയിലേക്കുള്ള ആദ്യവിഹിതം എം.എല്‍.എ യെ ഏല്‍പ്പിച്ചു.കയ്യൂര്‍ സമരസേനാനികളായ ചൂരിക്കാടന്‍ ക്യ് ഷ്ണന്‍ നായരുടെ മകന്‍ പീതാംബരന്‍,ടി.പൊക്കായിയുടെ മകന്‍ കെ.കുമാരന്‍ എന്നിവര്‍ മുന്‍ കൂട്ടിഎത്തിച്ച തുകയും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എം.എല്‍.യ്ക്ക് കൈമാറി.
സ്മാര്‍ട്ട് ക്ലാസ്സുകള്‍ യാഥാര്‍ഥ്യമാക്കുവാനാവശ്യമായ ‘ലാപ്ടോപ്പുകള്‍‘ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കും എന്നുള്ള കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ പ്രഖ്യാപനം വിദ്യാലയവികസനസമിതി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി.
ഗ്രാമ പഞ്ചായത്ത് മെമ്പറും വിദ്യാലയവികസനസമിതി ചെയര്‍പേഴ്സനുമായ കെ.പത്മാവതി.ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.കുഞ്ഞിക്കണ്ണന്‍,ടി.ദാമോദരന്‍,പി.പി.കുഞ്ഞിക്യ് ഷ്ണന്‍,കെ.രവീന്ദ്രന്‍, കെ.രാജന്‍,കെ.ചിത്രലേഖ,കെ.വി.ഭാസകരന്‍,ആദിത്യ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.കെ.നാരായണന്‍ സ്വാഗതവും ഡി.ബാബു നന്ദിയും പറഞ്ഞു.
പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജന്മിത്വത്തിനും,സാമ്രാജ്യത്വത്തിനുമെതിരെ പടനയിച്ച് കഴുമരത്തിലേറിയ പൂര്‍വികരുടെ സ്മാരകത്തിലേക്ക് ,സ്വാതന്ത്ര്യസമരത്തില്‍ സ്വന്തം ഗ്രാമത്തിന്റെ സംഭാവനകള്‍ തിരിച്ചറിയുന്നതിനയി കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുട്ടികള്‍ നടത്തിയ പദയാത്ര ആവേശഭരിതമായി. പതാകയുയര്‍ത്തല്‍ ചടങ്ങിനുശേഷം ദേശീയപതാകകളും കയ്യിലേന്തി,ഗാന്ധിത്തൊപ്പിയുമണിഞ്ഞ് പദയാത്രയ്ക്കായി കുട്ടികള്‍ അണിനിരന്നപ്പോള്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പത്മാവതി സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന് പതാക കൈമാറിക്കൊണ്ട് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഇടയ്ക്ക് പെയ്ത മഴയ കൂസാതെ മുദ്രാവാക്യങ്ങളുമായി കുരുന്നുകള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍,പുതുതലമുറക്കാരുടെ പ്രകടനം കാണാന്‍ വീടുകളില്‍നിന്നും ആളുകള്‍ പുറത്തിറങ്ങി കാത്തുനിന്നു.കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍ എത്തിയ കുട്ടികള്‍ക്ക് ,ജന്മിമാരുടെ ചൂഷണത്തിനെതിരെ കയ്യൂരിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെയും, സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടങ്ങളുടെയും കഥ വിദ്യാലയവികസനസമിതി രക്ഷാധികാരിയും,മുന്‍ പഞ്ചായത്ത് മെമ്പറുമായ ടി.ദാമോദരന്‍ പറഞ്ഞുകൊടുത്തപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിസ്മയം.ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയ ഭാരതനാടിന്റെ സ്വാതന്ത്ര്യം കാത്തുരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നപ്രതിജ്ഞയുമായാണ് കുട്ടികള്‍ സ്കൂളിലേക്ക് തിരിച്ചുപോയത്.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാപ്രസിഡണ്ട് ലക്ഷ്മണന്‍,പി.ടി.എ കമ്മറ്റിയംഗം സുന്ദരന്‍,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ പ്രസീന,ശ്രീലത, അധ്യാപകരായ ഭാസകരന്‍ കെ.വി,പി.വി.രതി പി.ടി.സി.എം കരുണാകരന്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം പദയാത്രയില്‍ അണിനിരന്നു.യാത്രകഴിഞ്ഞെത്തിയ കുട്ടികളെ പായസം നല്‍കിയാണ് രക്ഷിതാക്കള്‍ സ്വീകരിച്ചത്.തുടര്‍ന്ന് നടന്ന ബാലസഭയില്‍ ഓരോ ക്ലാസ്സിലെയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം,പ്രസംഗം എന്നിവയും അരങ്ങേറി.
പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ഈ വര്‍ഷത്തെ പഞ്ചായത്ത്/മുനിസിപ്പല്‍തല വിജ്ഞാനോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി.ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകളുമായി കേന്ദ്രങ്ങളിലെത്തിയ എല്‍.പി. കുട്ടികള്‍ക്ക് കിട്ടിയ ആദ്യപ്രവര്‍ത്തനം തങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്വയം വിലയിരുത്താനുള്ളതായിരുന്നു....ആവശ്യമായ സൂചകങ്ങള്‍ ഫെസിലിറ്റേറ്ററുടെ സഹായത്തോടെ കുട്ടികള്‍ തന്നെ ഉണ്ടാക്കിയശേഷമായിരുന്നു വിലയിരുത്തല്‍.തുടര്‍ന്ന് ഇതേ പൊസ്റ്ററുകള്‍ അധ്യാപകരും വിലയിരുത്തിയാണ് ഗ്രേഡ് നല്‍കിയത്.എല്ലാവരും കൊണ്ടുവന്ന പോസ്റ്ററുകള്‍ നിരീക്ഷിച്ച ശേഷം ഊര്‍ജസംരക്ഷണസന്ദേശം ആളുകളിലേക്കെത്തിക്കുന്നതിനാവശ്യമായ മുദ്രാഗീതങ്ങള്‍ ഗ്രുപ്പുകളില്‍ ഉണ്ടാക്കി വ്യക്തിഗതമായി എഴുതാനുള്ള രണ്ടാമത്തെ പ്രവര്‍ത്തനത്തില്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്...ഒരൊ ഗ്രൂപ്പിലെയും മികച്ചവ കണ്ടെത്തി അവതരിപ്പിക്കാനുള്ള അവസരവും കുട്ടികള്‍ക്ക് നല്‍കി..പരീക്ഷണമൂലയില്‍ സജ്ജീകരിച്ച വിവിധ സാധനങ്ങളില്‍നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് ഒരു പരീക്ഷണം ചെയ്തുകാണിക്കാനുള്ളപ്രവര്‍ത്തനമായിരുന്നു അടുത്തത്.പരീക്ഷണത്തിന്റെ ആസൂത്രണവും,നിര്‍വഹണവും,അവതരണവും ഗ്രൂപ്പ് അടിസ്ഥനത്തിലും, പരീക്ഷണക്കുറിപ്പെഴുതല്‍ മാത്രം വ്യക്തിഗതവും എന്ന രീതിയിലായിരുന്നു പ്രവര്‍ത്തനക്രമീകരണം..യുറീക്ക പ്രകാശപ്പതിപ്പ് നോക്കി പരീക്ഷണങ്ങള്‍ ചിട്ടപ്പെടുത്താന്‍ നല്‍കിയ അവസരം ഗ്രൂപ്പുകള്‍ ഫലപ്രദമായി വിനിയോഗിച്ചു...കുഴല്‍ ഉപയോഗിച്ച് ഒരുകണ്ണിലൂടെനോക്കുമ്പോള്‍ കൈപ്പത്തിയില്‍ തുളവീഴുന്നതും,തത്തയെ കൂട്ടിലാക്കുന്ന വിദ്യയും,പ്രിസം ഉപയോഗിച്ച് വര്‍ണ്ണരാജിയുണ്ടാക്കുന്നതും,ഗ്ലാസ്സിലെ വെള്ളത്തില്‍ വെച്ച പെന്‍സില്‍ വളഞ്ഞതായിത്തോന്നുന്നതും,വിവിധതരം കണ്ണാടികളും ലെന്‍സുകളും ഉപയൊഗിച്ചുള്ള പരീക്ഷണങ്ങളും എല്ലാം സ്വയം രൂപപ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ കൊച്ചു ശാസ്ത്രജ്ഞന്മാരാായതില്‍ കുട്ടികള്‍ക്ക് അഭിമാനം....പ്രകാശവുമായി ബബ്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് പൂരിപ്പിക്കേണ്ട പദപ്രശ്നവും,അവസാനമായി നടന്ന ക്വിസ്സും നല്ല നിലവാരം പുലര്‍ത്തി...ക്വിസ് മത്സരത്തിലെ പകുതി ചോദ്യങ്ങള്‍ യുറീക്ക പ്രകാശപ്പതിപ്പിലെ നിശ്ചിത പേജുകള്‍ നോക്കി ഉത്തരം കണ്ടുപിടിക്കാനുള്ളവയായിരുന്നു. ഇവയില്‍ ‘ഫുള്‍ മാര്‍ക്ക്‘ നേടിയ മിടുക്കന്മാരും മിടുക്കികളും തന്നെയായിരുന്നു വിജ്ഞാനോ ത്സവത്തിലെ മികച്ച കുട്ടികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍. ഇതേ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു യു.പി.വിഭാഗത്തിലും ഉണ്ടായിരുന്നത്.ഇവിടെ പോസ്റ്ററുകല്‍ക്ക് പകരം പ്രോജക്റ്റ് റിപ്പോര്‍ട്ടുകളുമായാണ് കുട്ടികള്‍ എത്തിയതെന്ന് മാത്രം. മുദ്രാഗീതരചനയും,പദപ്രശ്നവും,ക്വിസ്സും എല്ലാം ഉള്‍പ്പെട്ട പ്രകാശ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പ്പര്യത്തോടെതന്നെ ഇവരും ഏറ്റെടുത്തു.യു.പി.വിഭാഗത്തില്‍ ഓരോ കേന്ദ്രത്തില്‍നിന്നും തെരഞ്ഞെടുത്ത മികച്ച 5 വീതം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മേഖലാതല വിജ്ഞാനൊത്സവം സംഘടിപ്പിക്കും. കയ്യൂര്‍ ഗവ:എല്‍.പി.സ്കുളില്‍ നടന്ന കയ്യൂര്‍-ചീമേനി പഞ്ചായത്ത് വിജ്ഞാനോത്സവത്തില്‍ 95 കുട്ടികള്‍ പങ്കെടുത്തു.ക്ലാസ്സ്മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ കെ.ചന്ദ്രന്‍,എം.ബാലക്യ് ഷ്ണന്‍,കെ.രാധാക്യ് ഷ്ണന്‍,പി.വി.പ്രീത,കെ.ബിന്ദു,പ്രസീന എന്നിവര്‍ക്കൊപ്പം സ്കൂള്‍ പ്രധാനാധ്യാപകനായ കെ.നാരായണനും നേത്യ് ത്വം നല്‍കി.പി.ട്.എ പ്രസിഡണ്ട് കെ.രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു മദര്‍ പി.ടി.എ പ്രസിഡണ്ട്.ചിത്രലേഖയുടെ നേത്യ് ത്വത്തില്‍ മുഴുവന്‍ കമ്മറ്റിയംഗങ്ങളും,സ്കൂള്‍ അധ്യാപകരായ ഉഷാകുമാരി,ഭാസ്കരന്‍,പി.ടി.സി.എം കരുണാകരന്‍ എന്നിവര്‍ വിജ്ഞാനൊത്സവസംഘാടനത്തിലും കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിലും സജീവമായി പങ്കെടുത്തു.
‘’ഇനിയൊരു യുദ്ധം വേണ്ടാ...ഇനിയൊരു യുദ്ധം വേണ്ടാ....നാഗസാക്കികളിനിവേണ്ടാ....ഹിരോഷിമാകള്‍ ഇനിവേണ്ടാ..ഇനിയൊരു യുദ്ധം വേണ്ടിവിടെ..” കുഞ്ഞുകണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്ദം കയ്യൂരിനെ പ്രകമ്പനം കൊള്ളിച്ചു... പ്ലക്കാര്‍ഡുകളും കയ്യിലേന്തി,ചുരുട്ടിയ മുഷ്ടികള്‍ വാനിലുയര്‍ത്തി,സ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണിലൂടെ കുഞ്ഞുങ്ങള്‍ അണിയണിയായി മുന്നോട്ടു നീങ്ങുന്ന കാഴ്ച മുതിര്‍ന്നവരെയും ആവേശം കൊള്ളിച്ചു.ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം പ്രവര്‍ത്തകര്‍ നല്‍കിയ യുദ്ധവിരുദ്ധസന്ദേശം ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചാണ് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുരുന്നുകള്‍ യുദ്ധവിരുദ്ധറാലിയില്‍ അണിനിരന്നത്.രാവിലെ നടന്ന അസംബ്ലിയില്‍ അധ്യാപകന്‍ പരിചയപ്പെടുത്തിയ മുദ്രാഗീതത്തിനു ക്ലാസ്സ് മുറിയില്‍ വെച്ച് കുട്ടികള്‍ തന്നെ കൂട്ടിച്ചേര്‍ത്ത വരികളാണ് അവര്‍ റാലിയില്‍ ചൊല്ലിയത്..പ്ലക്കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുകയായിരുന്നു...‘യുദ്ധത്തിന്റെ ഇരകളാവാന്‍...മതഭീകരതയുടെ കരുക്കളാവാന്‍..ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന പ്രഖ്യാപനം , യുദ്ധക്കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു.. ജാഥയ്ക്കുശേഷം നടന്ന കൂടിയിരിപ്പില്‍, പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ പറഞ്ഞ സഡാക്കോയുടെ കഥയും,ഹിരോഷിമാ ബോമ്പ് സ്ഫോടനത്തിന്റെ ഭീകരാനുഭവങ്ങളും കുട്ടികളുടെ കണ്ണുകളെ ഈറനണിയിച്ചു.ഒപ്പം സഡാക്കോയുടെ കൂട്ടുകാരികളുടെയും,മലാലയുടെയും പോരാട്ടങ്ങള്‍ കുട്ടികളെ ആവേശം കൊള്ളിച്ചു..അവര്‍ ഒന്നടങ്കം ഒരിക്കല്‍ക്കൂടി ഏറ്റുവിളിച്ചു..;ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട‘.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍,ഡെപ്യൂട്ടി ലീഡര്‍ ശ്രേയ ആര്‍.ഗോപാല്‍ അധ്യാപികമാരായ ഉഷാകുമാരി.കെ,രതി.പി.വി,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പംഗം പ്രസീന എന്നിവര്‍ പരിപാടിക്ക് നേത്യ് ത്വം നല്‍കി.
ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യ് ത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും....പക്ഷെ,ഒരുകാര്യത്തില്‍ നിര്‍ബന്ധമുണ്ട്..2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം..ആദ്യത്തെ അര മണിക്കൂറായിരിക്കും അധ്യാപികയുടെ ക്ലാസ്സ്..തുടര്‍ന്ന് ‘ക്ലാസ്സ് ബാലസഭ‘ ആരംഭിക്കും.ഒരുമാസത്തെ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍-പ്രസംഗം,സംഭാഷണം, ശ്രാവ്യവായന,കവിതാലാപനം,സ്കിറ്റ്,റോള്‍ പ്ലേ,നാടകം-തുടങ്ങിയവ അരമണിക്കൂറില്‍ ഒതുക്കി കുട്ടികള്‍ അവതരിപ്പിക്കും.കഴിയുന്നതും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അവതരണം. അതുകഴിഞ്ഞ് കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി നോട്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ട് ഫോളിയോ രക്ഷിതാക്കള്‍ക്ക് നല്‍കും..നിരന്തര വിലയിരുത്തലില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ അധ്യാപിക അവതരിപ്പിക്കും..തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടും...വരുന്ന ഒരുമാസക്കാലം കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തിനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ എന്തൊക്കെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടേ ക്ലാസ്സ് പി.ടി.എ യോഗം അവസാനിക്കൂ....ജൂലയ്30,31 തീയ്യതികളില്‍ നാലു ക്ലാസ്സുകളിലും ഈ രീതിയില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.രണ്ടാം ക്ലാസ്സിലെ ഗണിതം പ്രവര്‍ത്തനാധിഷ്തിത രീതിയില്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് ക്ലാസ്സ് ടീച്ചറും പ്രധാനാധ്യാപകനുമായ നാരായണന്‍ മാഷുടെ ക്ലാസ്സിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു... സംഭാഷണ രചനയും,അതിന്റെ അവതരണവുമായിരുന്നു മൂന്നാം ക്ലാസ്സില്‍ രതി ടീച്ചര്‍ പരിചയപ്പെടുത്തിയത്...നാലാം തരത്തിലെ ഇംഗ്ലീഷ് പാഠഭാഗത്തെ നാടകമാക്കിമാറ്റി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് ഭാസ്കരന്‍ മാഷും കുട്ടികളും ചേര്‍ന്ന് രക്ഷിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു...ഉദ്ഗ്രഥിത രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുന്ന രീതി പരിചയപ്പെടുത്തുന്നതായിരുന്നു ഒന്നാം ക്ലാസ്സിലെ ഉഷാകുമാരി ടീച്ചറുടെ ക്ലാസ്സ്.ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ ബാലസഭയില്‍ അവതരിപ്പിച്ച ഇംഗ്ലിഷ് കോണ്‍ വര്‍സേഷനുകളും,പാട്ടുകളും രക്ഷിതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു..പൊതുവിദ്യാലയങ്ങളില്‍നിന്ന് നന്നായി ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും എന്നതിന്റെ തെളിവുകള്‍തന്നെയായിരുന്നു കുട്ടികളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍.