Tuesday 30 June 2015

പി.ടി.എ.ജനറല്‍ബോഡിയോഗം 2015-16

ഇന്ന് ജൂണ്‍ 30..ഈ അധ്യയനവര്‍ഷത്ത ആദ്യമാസത്തിലെ അവസാനത്തെ  പ്രവ്യ് ത്തിദിനം...ആദ്യമാസത്തില്‍ത്തന്നെ പി.ടി.എ.ജനറല്‍ബോഡിയോഗം വിളിക്കണമെന്ന തീരുമാനം ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെട്ടു....84 കുട്ടികളാണ് സ്കൂളില്‍ ഇപ്പോഴുള്ളത്..രക്ഷിതാക്കളുടെ പങ്കാളിത്തം 90 ശതമാനത്തില്‍ കൂടുതല്‍..70 ല്‍ അധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു.2.40 ന് ആരംഭിച്ച യോഗം തീരുമ്പോള്‍ സമയം 4.30..പി,ടി.എ പ്രസിഡണ്ട് ബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു..സീനിയര്‍ അസിസ്റ്റന്റ് ഭാസ്കരന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വരവ്-ചെലവ് കണക്കും,ഭാവിപ്രവര്‍ത്തനനിര്‍ദേശങ്ങളും അവതരിപ്പിച്ചു.വിദ്യാലയത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട്  തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന വിഷന്‍ ഡോക്യുമെന്റിന്റെ കരട് -‘കയ്യൂര്‍ ജി.എല്‍.പി.എസ്-വിഷന്‍2022’യോഗത്തില്‍ അവതരിപ്പിച്ചു...വിശദമായ ചര്‍ച്ചയ്ക്കായി ജുലൈ 30നു മുമ്പ് പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയായി...നിലവിലുള്ള പൂര്‍വ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താനും,വിദ്യാലയവികസനസമിതിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു...പ്രതിമാസ ക്ലാസ്സ് പി.ടി.എ യോഗങ്ങളില്‍ അധ്യാപകരുടെ ക്ലാസ്സും,കുട്ടികളുടെ പ്രകടനങ്ങളും കാണാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കും..ക്ലാസ്സ് പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ബാലസഭകളില്‍,പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം കൊണ്ട സ്കിറ്റുകള്‍,നാടകം,സംഭാഷണം,പാട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിക്കും...പഠന പുരോഗതി മനസ്സിലാക്കാന്‍ സഹായിക്കുന്ന പോര്‍ട്ട്ഫോളിയോകളും തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് നല്‍കും...വര്‍ഷാവസാനം സംഘടിപ്പിക്കുന്ന മികവുത്സവം നാടിന്റെ ഉത്സവമാക്കി മാറ്റും.....വിദ്യാലയത്തിന്റെ ഭൌതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തി ശിശുസൌഹ്യ് ദ വിദ്യാലയം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കും...ഇതിനായി വിവിധ ഏജന്‍സികളുടെ സഹായം തേടും...                                                                                                                     കഴിഞ്ഞവര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച അഭിഷേകിനെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.പി.ടി.എ യുടെ ഉപഹാരം പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അഭിഷാകിനു നല്‍കി.അഭിഷേക് മറുപടിപ്രസംഗം നടത്തി..                                                                                       പുതിയ വര്‍ഷത്തെ ഭാരവാഹികളായി കെ.രാജന്‍(പ്രസിഡന്റ്).ഡി.ബാബു(വൈസ് പ്രസിഡണ്ട്),ചിത്രലേഖ(മദര്‍ പി.ടി.എ പ്രസിഡണ്ട്) ഷീജ(വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.                                                                                                                                                                                                                              നിലവിലുള്ള മദര്‍ പി.ടി.എ പ്രസിഡണ്ട് പ്രസീത,പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യോഗത്തെ അഭിസംബോധന ചെയ്തു


. മുഴുവന്‍ കുട്ടികള്‍ക്കും അടിയന്തിരമായും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം ഉഷാകുമാരി ടീച്ചര്‍ അവതരിപ്പിച്ചു.പി.വി.രതി ടീച്ചര്‍ നന്ദി      രേഖപ്പെടുത്തി.

Tuesday 23 June 2015

വായനാവാരത്തിലെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍..


 വായനാവാരത്തില്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്ന മെഗാ പരിപാടിക്കള്‍ക്കപ്പുറം വായനയുമായി ബന്ധപ്പെട്ട്  ക്ലാസ്സ്മുറികളില്‍   നടത്താവുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈയൊരാഴ്ചക്കാലംകൊണ്ട് കഴിയും എന്ന ആലോചനയല്ലേ കുറേക്കൂടി നല്ലത്?ജൂണ്‍ 19നു സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പി.എന്‍.പണിക്കരെ അനുസ്മരിച്ചുകൊണ്ട് ചുരുക്കം വാക്കുകള്‍..ഗ്രന്ഥശാലാ സംഘത്തിന്റെ രൂപീകരണം,കാന്‍ഫെഡ് വഴി നടത്തിയ സാക്ഷരതാ പ്രവര്‍ത്തനം..ഇങ്ങനെയുള്ള കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞശേഷം അവര്‍ക്ക് വായിക്കാവുന്ന ചില പുസ്തകങ്ങള്‍ പരിചയപ്പെടുത്തി...ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒന്നാം ക്ലാസ്സുകാരന്‍ നല്‍കിയ പുസ്തകങ്ങള്‍ ക്ലാസ്സില്‍ വെച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിച്ചുകൊറ്റുക്കുകയാണ് ഒന്നാം ക്ലാസ്സിലെ ടീച്ചര്‍...ഞാന്‍ ഇന്ന് ക്ലാസ്സില്‍ പോയി അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു,“ടീച്ചര്‍ ആറ് കഥകള്‍ പറഞ്ഞു തന്നു.”..“ഇന്ന് ഏതു കഥയാ പറഞ്ഞുതന്നത്?” എന്റെ ചോദ്യം കേള്‍ക്കേണ്ട താമസം ,“അപ്പൂം,അപ്പൂന്റച്ഛനും” ,കുട്ടികള്‍ ഒന്നിച്ച് പറഞ്ഞു....“ഇതാ ബുക്ക്”ഒരു മിടുക്കന്‍ ഓടിപ്പോയി ടീച്ചറുടെ മേശപ്പുറത്തുനിന്നും ആ പുസ്തകമെടുത്ത് എന്നെ കാണിച്ചു...മറ്റു പുസ്തകങ്ങളുടെ പേരുകളുമവര്‍ എനിക്ക് പറഞ്ഞു തന്നു... കുഞ്ഞുങ്ങളെ വായനയുടെ ലോകത്തിലേക്ക് നയിക്കാനുള്ള കുഞ്ഞുവഴിതന്നെയല്ലേ ഇത് ?                                                          
 രണ്ടാം ക്ലാസ്സിലാണെങ്കില്‍ ‘അക്ഷരപ്പൂമഴ’യിലെ എല്ലാ പുസ്തകങ്ങളും കുട്ടികള്‍ താല്‍പ്പര്യപൂര്‍വം വായിച്ചുതുടങ്ങിയിരിക്കുന്നു...തപ്പിത്തടഞ്ഞുവായിക്കുന്നവരും ഒരുവിധം നന്നായി വായിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്..എങ്ങനെയായാലും അവര്‍ വായിച്ചുതുടങ്ങട്ടെ....ക്ലാസ്സിന്റെ തുടക്കത്തില്‍ പത്രവായനയ്ക്കുള്ള അവസരവും ഞാന്‍ നല്‍കുന്നുണ്ട്...സന്നദ്ധതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ്സില്‍ രൂപപ്പെട്ട മുത്തശ്ശിമരം മെല്ലെമെല്ലെ വായനാമരമായി മാറിക്കൊണ്ടിരിക്കുന്നു...മരത്തിന്റെ ഇലകളില്‍ കുഞ്ഞുങ്ങള്‍ എഴുതിയ കാര്യം അവര്‍ മാറി മാറി വായിക്കുകയാണ്..മരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു കൊച്ചുപുസ്തകവും ഞാന്‍ അവരെ പരിചയപ്പെടുത്തി..‘മരം ഒരു വരം.’                                   


                                                                                                                                               ഇന്നലെ അസംബ്ലിയില്‍ വെച്ച് പൊതുവായി സാഹിത്യശാഖകളായ കഥ,കവിത,നോവല്‍,യാത്രാവിവരനം എന്നിവയെക്കുറിച്ച് സൂചിപ്പിച്ചശേഷം,നാലാം ക്ലാസ്സിലെ കുട്ടികളോട് അവരുടെ ഒന്നാമത്തെ പാഠത്തിലെ വെണ്ണക്കണ്ണനെക്കുറിച്ച്  ചോദിച്ചപ്പോള്‍ ,അത് ക്യ് ഷ്നഗാഥയിലെ വരികളാണെന്നും ,കവി ചെറുശ്ശേരിയാണെന്നും കുട്ടികള്‍ പറഞ്ഞു...അതിലൂടെ കവിതകളെക്കുറിച്ചും കവികളെക്കുറിച്ചും ചില കാര്യങ്ങള്‍ അവതരിപ്പിക്കാനായി പിന്നെ എന്റെ ശ്രമം...ഈയവസരത്തില്‍ പുതിയ ഒരു പുസ്തകം പരിചയപ്പെടു ത്തുകയും ചെയ്തു... ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’. ആറ്റിന്‍ വക്കത്തെ മാളികവീട്ടിലെ നങ്ങേലിയുടെയും,ഉണ്ണിയുടെയും,പൂതത്തിന്റെയും കഥ ചുരുക്കിപ്പറ ഞ്ഞപ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിസ്മയം...കവിതയിലെ ഏതാനും വരികള്‍ ശ്രേയ ചൊല്ലി...ക്ലാസ്സില്‍ വെച്ച് കൂടുതല്‍ പറഞ്ഞുകൊടുക്കാനായി കവിതാപുസ്തകം ക്ലാസ്സ് മാഷെ ഏല്‍പ്പിച്ചു..ഒന്നാമത്തെ പാഠത്തിന്റെ അനുബന്ധമായി നാലാം ക്ലാസ്സില്‍ പൂതപ്പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്..                                                                  ഇന്ന് രാവിലെ 9 മണിമുതല്‍ കുറച്ചുസമയം ഞാന്‍ നാലാം ക്ലാസ്സിലെ കുട്റ്റികള്‍ക്കൊപ്പം കൂടി..സ്കൂളിലെ വായനാവാരം ഉല്‍ഘാടനത്തെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത ആദിത്യ രവീന്ദ്രന്‍ എനിക്ക് വായിച്ചുതന്നു...പകരമായി പൂതപ്പാട്ടിന്റേതുള്‍പ്പെടെ പ്രസിദ്ധമായ ചില ക്യ് തികളുടെ കഥ ചുരുക്കി വിവരിക്കുന്ന ഒരു പുസ്തകം- ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച‘പുസ്തകത്താളു കളി ലെ നല്ല കൂട്ടുകാര്‍‘ അവള്‍ക്ക് നല്‍കി.ആദിത്യ ഉച്ച്ഗത്തില്‍ വായിച്ചപ്പോള്‍ എല്ലാവരും കഥയില്‍ മുഴുകി....                                                ഇതിനിടയില്‍ മൂന്നാം ക്ലാസ്സുകാര്‍ക്കും നല്‍കി ഒരു പുസ്തകം-ഇ.ജിനന്റെ കൊച്ചു കവിതകളുടെ സമാഹാരം-‘സ്വപ്നം വരച്ച കുട്ടി’..അതിലുള്ള ചില കവിതകള്‍ ക്ലാസ്സ് ടീച്ചര്‍ അവര്‍ക്ക് പരിചയപ്പെടുത്തി..മറ്റുള്ളവ മെല്ലെ,അവര്‍ വായിച്ചോളും...വായനാവാരം കഴിഞ്ഞാലും വായന തുടരണമല്ലോ..

Saturday 20 June 2015

മുത്തശ്ശിമരം കണക്കു പഠിപ്പിക്കുന്നു...

മരമുത്തശ്ശിയുടെ തണലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു  കുട്ടികൾ .അപ്പോഴാണ് ഒരു സാധനം താഴേക്ക് വീണത് .എന്തായിരിക്കും അത് ? പഴം ,കായ ,പൂവ് ....  ഇങ്ങനെ  പോയി  കുട്ടികളുടെ പ്രതികരണങ്ങൾ ...ഇതൊന്നുമല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇലയായിരിക്കുമെന്ന് ഒരു മിടുക്കൻ വിളിച്ചു പറഞ്ഞു." ശരി,  ഒരു പഴുത്ത ഇലതന്നെയാണ് താഴെ വീണത്‌." ഞാൻ പറഞ്ഞപ്പോൾ അവന് സന്തോഷം.  “താഴെ വീണ ഇലയുടെ നിറം എന്തായിരിക്കും?”,ഞാന്‍ ചോദിക്കേണ്ട താമസം,“മഞ്ഞ” എന്ന് പറഞ്ഞ് ആദിത്യന്‍ ചാടിയെഴുന്നേറ്റു.“ശരി,ഇനി ഓരോരുത്തരും അവരവരുടെ നോട്ട്ബുക്കില്‍  രണ്ട് ഇലകള്‍ വരയ്ക്കണം-ഒരു പച്ചിലയും ഒരു പഴുത്ത ഇലയും.” “അപ്പോള്‍ നിറം കൊടുക്കണ്ടേ?” കാര്‍ത്തിക്കിനു സംശയം.“എടാ..നിറം കൊടുത്താലല്ലേ പച്ചിലയും പഴുത്ത ഇലയും കണ്ടാല്‍ മനസ്സിലാകൂ..”പാര്‍ഥിവിന്റെ പ്രതികരണത്തോടെ എല്ലാവരുടെയും സംശയം തീര്‍ന്നു..കുട്ടികള്‍ വര തുടങ്ങി...പച്ചയും മഞ്ഞയും നിറം നല്‍കി..പലരുടെയും ഇലകള്‍ നന്നേ ചെറുത്..ഞാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ വരച്ചത് മായിച്ച് വലിയവ വരച്ചു...കുട്ടികള്‍ക്ക് വരച്ചു കഴിയുമ്പോഴേക്ക് ഞാന്‍ വൈറ്റ് ബോര്‍ഡില്‍ ശാഖകളും ഇലകളും ഉള്ള ഒരു മുത്തശ്ശിമരം വരച്ചു...“ഇതിന് എത്ര ഇലകളുണ്ട്?” കുട്ടികള്‍ എണ്ണം നോട്ട്ബുക്കില്‍ എഴുതി...18 ആയിരുന്നു ശരിയുത്തരം...ഭൂരിഭാഗം പേരും അതുതന്നെയാണ് എഴുതിയിരുന്നത്..തെറ്റിയവരെ ബോര്‍ഡിനടുത്തേക്ക് വിളിച്ച് വടികൊണ്ട് തൊട്ട് എണ്ണിച്ചപ്പോള്‍ അവര്‍ക്കും ശരിയുത്തരം കിട്ടി. “ഇതില്‍ പകുതിയെണ്ണം പഴുത്ത ഇലകളാണ്..ബാക്കി പച്ചയും-എങ്കില്‍ പഴുത്തതെത്ര? പച്ചയെത്ര?”എന്റെ ചോദ്യത്തിന് ആദ്യം ആര്‍ക്കും ഉത്തരം ലഭിച്ചില്ല..18ന്റെ പകുതി എത്രയാണെന്ന് അരിയാത്തതാണോ..അതോ ‘പകുതി’എന്ന ആശയം തന്നെ അറിയാത്തതാണോ?  അല്‍പ്പം കൂടി വിശദീകരണങ്ങള്‍ നല്‍കിയപ്പോള്‍ രണ്ടുമൂന്നുപേര്‍ക്ക് ഉത്തരം കിട്ടി...ഞാന്‍ മറ്റൊരു പ്രശ്നം കുട്ടികള്‍ക്ക് നല്‍കി,“ആകെ ഇലകള്‍ 18..അതില്‍ 10 എണ്ണമാണ് പഴുത്ത ഇലകള്‍” എങ്കില്‍ പച്ചിലകള്‍ എത്ര?”...ഇപ്പോള്‍ കുറേക്കൂടി കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ത്തന്നെ ഉത്തരം കിട്ടി....“18 ഇലകളെ മറ്റേതെല്ലാം രീതിയില്‍ പച്ചയും പഴുത്തതുമായി കൂട്ടങ്ങളാക്കാം? ”സംഖ്യാ വ്യാഖ്യാനത്തിനുള്ള തുറന്ന അവസരം നല്‍കിയപ്പോള്‍ പലരും പലരീതിയില്‍ വ്യാഖ്യാനിച്ചു...ഓരോരുത്തരും പറഞ്ഞത് ബോര്‍ഡില്‍ രേഖപ്പെടുത്തി...പിന്നീട് എല്ലാം കുട്ടികളുടെ നോട്ട് ബുക്കിലേക്ക്..“ഇനി ഒന്നു കൂടി..പഴുത്ത ഇലകളുടെയും പച്ചിലകളുടെയും എണ്ണം തുല്യമാണെങ്കില്‍ ഓരോന്നും എത്രവീതമായിരിക്കുമെന്ന്  മുത്തശ്ശിമരത്തിന്റെ ചിത്രം നോട്ട്ബുക്കില്‍ വരച്ച് നിറം നല്‍കി കണ്ടെത്തണം.”..കുട്ടികള്‍ താല്‍പ്പര്യപൂര്‍വം പുസ്തകത്തില്‍ ചിത്രം വരച്ച് നിറം നല്‍കി ഉത്തരം കണ്ടെത്തി...;പിന്നാക്കക്കാര്‍ക്കായി,അവരെക്കൂടി ഇടപെടുവിച്ചുകൊണ്ട് ഞാന്‍ ബോര്‍ഡിലെ മുത്തശ്ശിമരത്തിന്റെ ഇലകള്‍ക്കും നിറം നല്‍കി...തുല്യ,പകുതി  തുടങ്ങിയ ആശയങ്ങളും,സംഖ്യാബോധവും,വ്യാഖ്യാനവും,കലാപഠനവും എല്ലാം ഉള്‍പ്പെടുത്തി ഇതുമാതിരിയുള്ള ഉദ്ഗ്രഥിത പഠനം തന്നെയല്ലേ രണ്ടാം ക്ലാസ്സില്‍ നടക്കേണ്ടത്?.....(ഈ പ്രവര്‍ത്തനത്തില്‍നിന്ന് പരിസരപഠനത്തിന്റെ കൂടുതല്‍ സാധ്യതകളിലേക്ക്എത്തിയതെങ്ങനെയെന്ന് അടുത്ത പോസ്റ്റില്‍.....)



Friday 19 June 2015

വായനാവാരത്തിന്റെ ഉല്‍ഘാടകരായി അക്ഷതും അമ്മയും..

ഒന്നാംക്ലാസ്സുകാരനായ അക്ഷതിന്റെ പിറന്നാള്‍ വായനാദിനമായ ജൂണ്‍19 നു ആയതിനാല്‍ , ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു സെറ്റ് പുസ്തകം തന്നെയാവട്ടെ  സമ്മാനമെന്ന് തീരുമാനിക്കാന്‍   അമ്മ പ്രസീനയ്ക്ക് രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വന്നില്ല.ശാസ്ത്രസാഹിത്യപരിഷത്ത് കൊച്ചുകുട്ടികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങള്‍ അടങ്ങിയ ‘അക്ഷരപ്പൂമഴ‘യുമായി അമ്മയും മകനും രാവിലെ തന്നെ സ്കൂളില്‍ എത്തി...പ്രധാനാധ്യാപകനോട് കാര്യം പറഞ്ഞപ്പോള്‍  അസംബ്ലിയില്‍ വെച്ച് പിറന്നാള്‍കാരനും അമ്മയും ചേര്‍ന്ന് ക്ലാസ്ടീച്ചര്‍ക്ക് പുസ്തകം കൈമാറിക്കൊണ്ടുതന്നെയാവട്ടെ വായനാവാരത്തിന്റെ ഉല്‍ഘാടനം എന്ന് തീരുമാനവുമായി.അങ്ങനെ ഒന്നാം ക്ലാസ്സുകാരനായ അക്ഷതും,അമ്മ പ്രസീനയും കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ വായനാവാരത്തിന്റെ ഉല്‍ഘാടകരായി.പുസ്തകസഞ്ചി ഏറ്റുവാങ്ങിയ ഉഷാകുമാരി ടീച്ചര്‍ പുസ്തകങ്ങള്‍ ഓരോന്നായി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ പി.എന്‍.പണിക്കരെക്കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. അസംബ്ലിക്കുശേഷം രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ പുസ്തകങ്ങള്‍ വായനയ്ക്കായി നല്‍കി.  .മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് അടുത്ത ആഴ്ച വിവിധ ദിവസങ്ങളിലായി ഇവ   വായിക്കാന്‍ നല്‍കും.















എല്ലാ ക്ലാസ്സുകളിലേക്കും കേരളകൌമുദി പത്രം ലഭ്യമാക്കുന്ന ‘എന്റെ കൌമുദി’പദ്ധതിക്കും വായനാദിനത്തില്‍ തുടക്കം കുറിച്ചു.കയ്യൂരിലെ ഗോപാലന്‍ വൈദ്യരുടെ സ്മരണയ്ക്കായി മക്കള്‍ സ്പോണ്‍സര്‍ ചെയ്ത 5 പത്രങ്ങളുടെ വിതരണോല്‍ഘാടനം ഗോപാലന്‍ വൈദ്യരുടെ മകള്‍ സുനീതി ടീച്ചര്‍ നിര്‍വഹിച്ചു.കേരളകൌമുദി കാസര്‍ഗോഡ് ബ്യൂറോ ചീഫ് ശ്രീധരന്‍ പുതുക്കുന്ന് പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പി.വി.രതി ടീച്ചര്‍ സ്വാഗതവും ഉഷാകുമാരി ടീച്ചര്‍ നന്ദിയും പറഞ്ഞു.പി.കെ.ബാലക്യ് ഷ്ണന്‍,നാരായണന്‍ ബങ്കളം,അജയന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.പത്രപരിചയം,വായനാമുറി ഉല്‍ഘാടനം,സാഹിത്യക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വായനാവാരത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

Monday 15 June 2015

‘പരിസ്ഥിതി’ ചിത്രപ്പതിപ്പ് പ്രകാശനം......

പരിസ്ഥിതിദിനം കഴിഞ്ഞുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ  ക്ലാസ്സ്മുറികളില്‍ നടന്നുകൊണ്ടേയിരിക്കുന്നു...കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനുശേഷമുള്ള ഇടവേളയില്‍ എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഓരോ ന്യൂസ്പ്രിന്റ് പേപ്പര്‍(ക്വാര്‍ട്ടര്‍ ഷീറ്റ്) നല്‍കി..പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു ചിത്രം വരയ്ക്കാന്‍ പറഞ്ഞു..ക്രയോണ്‍സ് ഉപയോഗിച്ച് നിറം നല്‍കി ഭംഗിയാക്കാനും നിര്‍ദേശിച്ചു...അണ്ണാറക്കണ്ണനും തന്നാലായത്..ഒന്നാം തരത്തിലെ കൊച്ചു മിടുക്കന്മാര്‍ മുതല്‍ നാലാം ക്ലാസ്സിലെ മുതിര്‍ന്ന ചേച്ചിമാര്‍ വരെ എല്ലാവരും വരച്ചു..പിന്നീട് ഓരോ ക്ലാസ്സിലെയും ചിത്രങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് ഓരൊ പതിപ്പും തയ്യാറാക്കി..ഇന്നത്തെ പ്രഭാത അസംബ്ലിയില്‍ വെച്ച് രണ്ടാം ക്ലാസ്സിലെ ചിത്രപ്പതിപ്പിന്റെ പ്രകാശനം ക്ലാസ്സ് ലീഡര്‍ കാര്‍ത്തിക്കില്‍ നിന്നും പതിപ്പ് സ്വീകരിച്ചുകൊണ്ട് സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ നിര്‍വഹിച്ചു...നാളെ വൈകുന്നേരം ഒരു മള്‍ട്ടി മീഡിയ ക്വിസ്സും സംഘടിപ്പിക്കുന്നുണ്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ട്..


Wednesday 10 June 2015

മരമുത്തശ്ശിക്ക് എത്രയെത്ര പേരുകള്‍!

-രണ്ടാം ക്ലാസ്സിലെ സന്നദ്ധതാപ്രവര്‍ത്തനങ്ങള്‍  ചില മാറ്റങ്ങളോടെയാണ് ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചത്..വൈറ്റ് ബോര്‍ഡില്‍ ആദ്യം അല്‍പ്പം വളഞ്ഞ ഒരു വര വരച്ച് അതെന്താണെന്ന് കുട്ടിക ളോട് ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ ഉത്തരം കിട്ടി....,“വര”.....അതിനടുത്തായി ഒരു വര കൂടി വരച്ചപ്പോള്‍ “രണ്ടു വര” എന്നായി പ്രതികരണം...രണ്ടു വരകളുടെയും മുകള്‍ ഭാഗത്ത് ‘ന’ എന്ന് വലുതായി മൂന്നു സ്ഥലത്ത്  എഴുതിയപ്പോള്‍ കുട്ടികള്‍ പറഞ്ഞു,....മൂന്നു ‘ന’.....പിന്നീട് രണ്ടു ‘ന’..കള്‍ മെല്ലെ നീട്ടി  വരകളില്‍ മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു, “ “ഇപ്പം മനസ്സിലായി..മരം”..  തുടര്‍ന്ന് കുട്ടികള്‍ ഓരോരുത്തരായി മുന്നോട്ട് വന്ന് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയപ്പോള്‍ വല്യൊരു മരമായി മാറി എന്റെ വര!..കുട്ടികള്‍ തന്നെ അതിനെ‘ മരമുത്തശ്ശി ,മുത്തശ്ശിമരം‘ എന്നൊക്കെ വിളിച്ചു......  മരമുത്തശ്ശിയുടെ പ്രയോജനങ്ങള്‍ ചര്‍ച്ച ചെയ്തു.....ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഒരു പേര് മുത്തശ്ശിമരത്തിനു നല്‍കാന്‍ പറഞ്ഞപ്പോള്‍ നിമിഷനേരം കൊണ്ട് കിട്ടിയ പേരുകള്‍ എത്രയെത്ര!.....‘അമ്മിണി മുത്തശ്ശി,നാണി മുത്തശ്ശി,കാര്‍ത്യായണി മുത്തശ്ശി,നാരായണി മുത്തശ്ശി,സാവിതി മുത്തശ്ശി..’....ഇങ്ങനെ പോയി പേരുകള്‍...ഓരോരുത്തരായി അവരവര്‍ നല്‍കിയ പേരുകള്‍ നീട്ടി വിളിച്ചു,മുത്തശ്ശി വരാന്‍....മുത്തശ്ശി വന്നാല്‍ നല്‍കേണ്ടുന്ന സമ്മാനങ്ങളുടെ പേരുകള്‍ കുട്ടികള്‍ നോട്ടില്‍ കുറിച്ചു...എല്ലാവരും എഴുതിയത് വായിച്ചപ്പോള്‍ അതെല്ലാം ഞാന്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി...മുത്തശ്ശി വന്നാല്‍ കുട്ടിയും മുത്തശ്ശിയും തമ്മില്‍ പറയാനിടയുള്ള കാര്യങ്ങള്‍ രണ്ടുകുട്ടികള്‍ വീതമുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു...വ്യക്തിഗതമായി നോട്ട്ബുക്കില്‍ രേഖപ്പെടുത്തി...ഗ്രൂപ്പില്‍  മെച്ചപ്പെടുത്തുവാനുള്ള അവസരവും നല്‍കി...ഇതിനിടയില്‍  കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ടീച്ചര്‍വേര്‍ഷന്‍ തയ്യാറാക്കി ബിഗ് സ്ക്രീനില്‍ വെച്ചു....ഉച്ചയ്ക്കുശേഷം നടന്ന ക്ലാസ്സ് പി.ടി.എ യോഗത്തില്‍   കുട്ടികള്‍ സംഭാഷണം അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് സന്തോഷം...









Monday 8 June 2015

ഭൂമിയുടെ രക്ഷയ്ക്കായ്......

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസംബ്ലിയില്‍ വെച്ച് സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ കൂട്ടുകാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസ്സില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ബിഗ് സ്ക്രീനില്‍ വന്ന മാറ്റം ഇങ്ങനെ...തുടര്‍ന്ന് കുട്ടികളുടെ നോട്ട്ബുക്കിലേക്ക്.

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസംബ്ലിയില്‍ വെച്ച് സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ കൂട്ടുകാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

Friday 5 June 2015

പരിസ്ഥിതി ദിനാഘോഷം

എഴുനൂറു കോടി സ്വപ്നങ്ങൾ, ഒരേയൊരു  ഗ്രഹം , കരുതലോടെ  ഉപഭോഗം... ഈ വർഷത്തെ പ രിസര ദിന മുദ്രാവാക്യം വിശദീ കരിക്കുന്ന പവർ പോയിൻറ് പ്രസന്റേഷൻ, വൃക്ഷത്തൈ വിതരണം, അസംബ്ലിയിലെ ലഘു വിവരണം  , ക്ലാസ്സ്റൂം ചർച്ച - ഇത്രയുമായിരുന്നു ഇന്നലെയും ഇന്നുമായി നടന്ന പരിപാടികൾ- തുടർപ്രവർത്തനങ്ങളായി പരിസ്ഥിതി ക്വിസ്, പ്രസംഗം,വിവരണം തയ്യാറാക്കൽ, ചിത്രം വര, കൂട്ടപ്പാട്ടുകൾ തുടങ്ങിയ പരിപാടികൾ അടുത്തയാഴ്ച നടക്കും.ഇത്രയൊക്കെ പോരേ നാലാം ക്ലാസ്സുവരെയുള്ള  കുഞ്ഞുങ്ങൾക്ക് ?

 

/